അന്തിക്കാട് ചവിട്ടിയ സൈക്കിൾ റിക്ഷയിൽ ശ്രീകൃഷ്ണനും നകുലും

Saturday 17 January 2026 12:38 AM IST

തൃശൂർ: വടക്കുനിന്നുള്ള ശ്രീകൃഷ്ണനും തെക്കുനിന്നുള്ള നകുലും ഹൈസ്‌കൂൾ വിഭാഗം മോണോ ആക്ടിൽ എ ഗ്രേഡ് നേടിയതോടെ വച്ചുപിടിച്ചത് അന്തിക്കാട്ടേയ്ക്ക്. പൂമുഖത്തുണ്ടായിരുന്നു ജനപ്രിയ സംവിധായകൻ. സത്യൻ അന്തിക്കാടിന്റെ അനുഗ്രഹം വാങ്ങുകയായിരുന്നു തലശേരി ചിറക്കര ഗവ. എച്ച്.എസ്.എസിലെ പത്താം ക്ലാസുകാരൻ ശ്രീകൃഷ്ണന്റെയും തിരുവനന്തപുരം മിതൃമ്മല സ്‌കൂളിലെ ഒൻപതാം ക്ലാസുകാരൻ നകുലിന്റെയും ലക്ഷ്യം. സത്യൻ അന്തിക്കാട് ചിരിയോടെ സ്വാഗതം ചെയ്തപ്പോൾ മനസു നിറഞ്ഞു. സ്റ്റേജിലെ പെർഫോമൻസ് സംവിധായകന് മുന്നിൽ അവതരിപ്പിച്ചു. പഹൽഗാം ഭീകരാക്രമണമാണ് നകുൽ അവതരിപ്പിച്ചത്. ''എന്റെ നെറ്റിയിലെ സിന്ദൂരത്തിന്റെ കണക്ക് നിങ്ങളുടെ ചോരയൊഴുക്കി ഇന്ത്യൻ പട്ടാളം ചോദിക്കും'' എന്ന യുവതിയുടെ വാക്കുകൾ നകുൽ അവതരിപ്പിച്ചപ്പോൾ സത്യൻ അന്തിക്കാട് കൈയ്യടിച്ചു. ബുൾഡോസർ രാജാണ് ശ്രീകൃഷ്ണൻ അവതരിപ്പിച്ചത്. ബുൾഡോസർ പോലെ നിന്നു കറങ്ങുകയും അലറുകയും ചെയ്തു അവൻ. ''പരദേശികളല്ല, പാർശ്വവത്കരിക്കപ്പെട്ട പ്രജകളാണ് ഞങ്ങൾ' എന്ന ഡയലോഗിനൊടുവിൽ ഗാന്ധിജിയെ കൂടി ശ്രീകൃഷ്ണൻ അവതരിപ്പിച്ചത് അന്തിക്കാടിനിഷ്ടമായി.

''കലക്കിട്ടാ'' രണ്ടു പേർക്കും സത്യൻ അന്തിക്കാടിന്റെ സർട്ടിഫിക്കറ്റ്. പിന്നാലെ മുറ്റത്ത് കിടന്ന സൈക്കിൾ റിക്ഷയിൽ കയറാൻ നിർദേശിച്ചു. ജോമോന്റെ സുവിശേഷത്തിൽ ദുൽഖർ സൽമാൻ ചവിട്ടിയ സൈക്കിൾ റിക്ഷയുടെ പിന്നിൽ ഇരുവരെയും കയറ്റി മുന്നോട്ടുനീങ്ങി. ആ അസുലഭ നിമിഷത്തിൽ ഭാവി അഭിനേതാക്കളുടെ മനസു നിറഞ്ഞു !

അഭിനയത്തിൽ ഭാവിയുണ്ട്

രണ്ടുപേരും അവതരിപ്പിച്ചത് സാമൂഹ്യപ്രശ്‌നങ്ങളാണ്. സാമൂഹ്യ നിരീക്ഷണം നടത്തുന്നതിനോടൊപ്പം വായന കൂട്ടണം. പുസ്തകങ്ങളും പത്രങ്ങളും വായിക്കണം. ഇന്റർനെറ്റിനും ഇൻസ്റ്റയ്ക്കും അപ്പുറം വേറൊരു ലോകമുണ്ട്.' കുട്ടിക്കൂട്ടുകാർക്ക് ചെറിയൊരുപദേശവും. അപ്പോഴേക്കും അന്തിക്കാടിന്റെ ഭാര്യ നിമ്മി നാരങ്ങാവെള്ളവും ഈന്തപ്പഴവുമായെത്തി.