ലക്ഷ്യം രാമനാട്ടുകരയുടെ സമഗ്ര വികസനം

Saturday 17 January 2026 12:43 AM IST
ചെയർപേഴ്‌സൺ എം.കെ.മുഹമ്മദലി കല്ലട

കോഴിക്കോട് ജില്ലയിലേക്കുള്ള പ്രവേശന കവാടമാണ് രാമനാട്ടുകര. 2015ൽ നിലവിൽ വന്ന മുനിസിപ്പാലിറ്റി ഭരണം ആദ്യം എൽ. ഡി.എഫിനായിരുന്നു. രണ്ടാംവട്ടം മുതൽ യു.ഡി.എഫിന്റെ കുത്തകയായി. വികസന കുതിപ്പിലും ഇല്ലായ്മയുടെ കിതപ്പ് അനുഭവിക്കുന്ന മുനിസിപ്പാലിറ്റിയാണ് രാമനാട്ടുകര. ഭരണത്തുടർച്ച യു.ഡി. എഫിന്റെ ഉത്തരവാദിത്വം കൂട്ടുകയാണെന്ന് ചെയർപേഴ്‌സൺ എം.കെ.മുഹമ്മദലി കല്ലട പറയുന്നു. 32 ഡിവിഷനുകളുള്ള രാമനാട്ടുകരയിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളും നാടിന്റെ പുരോഗതിയും സമഗ്ര വികസനവും ലക്ഷ്യമിട്ടാണ് യാത്ര. വികസന കാഴ്ചപ്പാടും രാമനാട്ടുകരയുടെ മുന്നോട്ടുപോക്കും കേരളകൗമുദിയുമായി ചെയർപേഴ്സൺ പങ്കുവയ്ക്കുന്നു.

@ പുതിയ പദവി, എന്താണ് ലക്ഷ്യം... ?

ജനങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് നീതിപൂർവം പദവി നിർവഹിക്കാൻ ശ്രമിക്കും. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിച്ചാവും മു ന്നോട്ടുള്ള പ്രയാണം.

@ പ്രഥമ പരിഗണന ?

രാമനാട്ടുകര നഗരത്തിൽ ആധുനിക മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിന് പ്രഥമ പരിഗണന നൽകും. ഭിന്നശേഷി സൗഹൃദ രാമനാട്ടുകരയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ബഡ്‌സ് സ്‌കൂൾ കുട്ടികളുടെ അടിസ്ഥാന സൗകര്യം വിപുലീകരിക്കും. ഭിന്നശേഷിക്കാരുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ പദ്ധതികൾ നടപ്പാക്കും.

@ പ്രതിപക്ഷ സൗഹൃദം ഉണ്ടാവുമോ ?

പ്രതിപക്ഷത്തെ പരിഗണിച്ച് അവരുടെ അഭിപ്രായം മാനിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് ഉദ്ദേശം. വികസനം എല്ലായിടത്തും എത്തിക്കാൻ എല്ലാവരുടെയും പിന്തുണയും സഹകരണവും ആവശ്യമാണ്.

@ മിനി സ്റ്റേഡിയവും നീന്തൽക്കുളവും യാഥാർത്ഥ്യമാകുമോ ?

മിനി സ്റ്റേഡിയം നിർമ്മാണത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു. കോടമ്പുഴയിൽ സൗജന്യമായി ലഭിച്ച ഭൂമിയിൽ നീന്തൽക്കുളം നിർമ്മി ക്കുന്നതിന് അടുത്ത വാർഷിക പദ്ധതിയിൽ ആവശ്യമായ തുക വകയിരുത്തും.