@ കുത്തനെ കൂടി കേസുകൾ, നഷ്ടം കോടികൾ വീഴല്ലേ.. സൈബർ കെണിയിൽ, പ്ലീസ്

Saturday 17 January 2026 12:53 AM IST
സൈബർ കെണി

കോഴിക്കോട്: സെെബർ തട്ടിപ്പിനെതിരെ പൊലീസ് ബോധവത്കരണം ഒരുഭാഗത്ത്. കുത്തനെ ഉയർന്ന് കുറ്റകൃത്യങ്ങൾ മറുഭാഗത്ത്. 2020 മുതൽ 2025 വരെ ജില്ലയിലുണ്ടായ സെെബർ കുറ്റകൃത്യങ്ങളുടെ കണക്ക് കണ്ടാൽ ഞെട്ടിപ്പോകും. അഞ്ച് വർഷം മുമ്പ് ജില്ലയിൽ ഒമ്പത് കേസുകൾ മാത്രമുണ്ടായിരുന്നത് കഴിഞ്ഞ വർഷം 42 ആയി ഉയർന്നു. അഞ്ച് വർഷത്തിനിടെ നഷ്ടപ്പെട്ട തുക 51.93 ലക്ഷമാണെങ്കിൽ ഇക്കൊല്ലം തുടക്കത്തിൽ തന്നെ റിട്ട. അദ്ധ്യാപികയായ വൃദ്ധയുടെ 36ലക്ഷമാണ് നഷ്ടമായത്. വൃദ്ധയുടെ അക്കൗണ്ടിലൂടെ കള്ളപ്പണ ഇടപാ‌ട് നടന്നിട്ടുണ്ടെന്ന് പറഞ്ഞ് മുംബയ് പൊലീസെന്ന വ്യാജേനയാണ് തട്ടിപ്പ് നടന്നത്. വീഡിയോ കോൾ വിളിച്ച് വെർച്വൽ അറസ്റ്റിലാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടൽ. നാലുപേർ അറസ്റ്റിലായെങ്കിലും തട്ടിച്ചെടുത്ത പണം ഇതുവരെ തിരികെ കിട്ടിയില്ല. വെർച്വൽ അല്ലെങ്കിൽ ഡിജിറ്റൽ അറസ്റ്റ് എന്ന ഒന്നില്ലെന്ന് മൊബെെൽ സന്ദേശങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും പൊലീസും റിസർവ് ബാങ്കും ബോധവത്കരണം നടത്തുന്നുണ്ട്. എങ്കിലും പൊലീസ് വേഷത്തിൽ വീഡിയോ കോളിലെത്തുന്നതോടെ പലരും പരിഭ്രാന്തരാകുന്നതാണ് പ്രശ്നം. ഫോണിൽ വിളിച്ച് ആർക്കും ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്നും ഒരു സേനാവിഭാഗവും ഇതിന്റെ പേരിൽ പണം ആവശ്യപ്പെടില്ലെന്നും പൊലീസ് പറയുന്നു.

  • വർദ്ധിച്ച് വാടക അക്കൗണ്ടുകൾ
  • തട്ടിപ്പുകാർക്ക് പണം കെെമാറാൻ സ്വന്തം അക്കൗണ്ടുകൾ വാടകയ്ക്ക് കൊടുക്കുന്നവരുടെ (മ്യൂൾ അക്കൗണ്ട്) എണ്ണം കൂടുകയാണ്. പോക്കറ്റ് മണിക്കായി വിദ്യാർത്ഥികൾ പോലും അക്കൗണ്ട് തുടങ്ങി വാടകയ്ക്ക് കൊടുക്കുന്നു. ഇത്തരം അക്കൗണ്ടിലൂടെ പണമിടപാട് നടത്തുന്നവർക്ക് കമ്മീഷനാണ് ലഭിക്കുക. മുമ്പ് കുഴൽപ്പണ ഇടപാട് നടത്തിയവർ ഇപ്പോൾ മ്യൂൾ അക്കൗണ്ട് വഴി പണം കെെമാറ്റം നടത്തുന്നുവെന്നാണ് വിവരം. കേരളത്തിലും ഇക്കൂട്ടർ ശക്തരാണ്. ഇവരെ കണ്ടെത്താൻ സെെബർ പൊലീസ് അന്വഷണം ശക്തമാക്കിയിട്ടുണ്ട്.

  • പരാതിപ്പെടാൻ വെെകരുത്

സെെബർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടെന്ന് മനസിലായാൽ ഉടൻ പൊലീസിൽ പരാതിപ്പെടണം. ആദ്യ ഒരു മണിക്കൂറിനകം പരാതിപ്പെട്ടാൽ പണം കെെമാറിയ അക്കൗണ്ടുൾ മരവിപ്പിക്കാനാകും. പണം തിരിച്ചുപിടിക്കാനുള്ള സാദ്ധ്യതയും കൂട്ടും. എന്നാൽ പലരും പറ്റിയ അമളി പുറത്തുപറയാൻ മടിക്കുകയാണ്.

  • പരാതിപ്പെടേണ്ട ടോൾ ഫ്രീ നമ്പർ 1930

ജില്ലയിലെ സെെബർ തട്ടിപ്പ്

(വർഷം, എണ്ണം)

2020....09

2021....15

2022....16

2023....34

2024....46

2025....42