വിഴിഞ്ഞം: അടുത്ത ഘട്ടങ്ങളിൽ 10,000 കോടിയുടെ വികസനം

Saturday 17 January 2026 12:02 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്തഘട്ടങ്ങൾ പൂർത്തിയാവുമ്പോൾ 10,000കോടിയുടെ വികസനമാവും നടപ്പാവുക. നിലവിലെ 800മീറ്റർ ബർത്ത് 1,200 മീറ്റർ കൂടി വർദ്ധിപ്പിച്ച് 2,000 മീറ്ററാക്കും. ഇതോടെ ഒരേസമയം നിരവധി കൂറ്റൻ കപ്പലുകൾക്ക് ചരക്കിറക്കാനാവും. 2.96കിലോമീറ്റർ പുലിമുട്ട് 920 മീറ്റർ കൂടി വർദ്ധിപ്പിക്കും. രണ്ടും മൂന്നും നാലും ഘട്ടങ്ങൾ 2028ൽ പൂർത്തിയാവും. അതോടെ ആഡംബര കപ്പലുകളും വിഴിഞ്ഞത്ത് അടുപ്പിക്കാനാവും. അടുത്ത ഘട്ട നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം 24ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കരൺ അദാനി ചടങ്ങിൽ പങ്കെടുക്കും. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും.തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാദ്ധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിൽ നടക്കും.

അടുത്ത ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ വാർഷിക ശേഷി 15 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.