പരിചരിക്കാൻ കൃഷിവകുപ്പ് പദ്ധതി : തേങ്ങ ഉത്പാദനം കൂടി, കർഷകർ ഹാപ്പി

Friday 16 January 2026 10:05 PM IST

പത്തനംതിട്ട: ജില്ലയിൽ തേങ്ങ ഉത്പാദനത്തിൽ 35 ശതമാനം വർദ്ധനയെന്ന് കൃഷിവകുപ്പ്. ജില്ലയിലെ എട്ടു പഞ്ചായത്തുകളിൽ വിജയകരമായി നടപ്പാക്കിയ കേരഗ്രാമം പദ്ധതിയിലൂടെയാണിത്. പുതിയ എട്ടു പഞ്ചായത്തുകൾ പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. മൂന്ന് വർഷം തുടർച്ചയായി തെങ്ങിന് നൽകുന്ന പരിചരണത്തിലൂടെയാണ് ഉത്പാദനം വർദ്ധിപ്പിക്കുന്നത്.സംസ്ഥാനത്ത് 2018ൽ പ്രഖ്യാപിച്ച കേരഗ്രാമം പദ്ധതി പൂർണ തോതിൽ നടപ്പാക്കിത്തുടങ്ങിയത് 2021ലാണ്. മൂന്നുവർഷം മൂന്ന് ഘട്ടങ്ങളിലായാണ് തെങ്ങിന് പരിചരണം നൽകുന്നത്. നാലാം വർഷം ഉത്പാദനം കൂടും. ജില്ലയിൽ കഴിഞ്ഞവർഷം മുതലാണ് കേരഗ്രാമം പദ്ധതിയുടെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നത്. ഉത്പാദനം കൂടിയെന്ന സർവെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റു പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു.

3 ഘട്ടമായി പരിചരണം

1. കൃഷിഭവനുകളിൽ കർഷകർ അപേക്ഷ നൽകിക്കഴിഞ്ഞാൽ വാർഡുതല സമിതികൾ രൂപീകരിക്കും. തെങ്ങുകളുടെ സർവെ ആരംഭിക്കും. നല്ലത്, രോഗം വന്നത്, വെട്ടിമാറ്റേണ്ടത് എന്നിങ്ങനെ തെങ്ങുകളെ തരംതിരിക്കും.

2. ചെല്ലി, മണ്ട ചീയൽ, കാറ്റുവീഴ്ച തുടങ്ങിയവയെ പ്രതിരോധിക്കുന്നതിനുള്ള മരുന്ന് പ്രയോഗം. രോഗം ബാധിച്ച് ഉത്പാദനം ഇല്ലാത്ത തെങ്ങുകൾ വെട്ടിമാറ്റി പുതിയ തൈകൾ കർഷകർക്കു നൽകും.

3. വളം, കീടനാശിനി വിതരണം. തെങ്ങുകയറ്റത്തിന് പരിശീലനം.

പദ്ധതി ആദ്യം നടന്ന പഞ്ചായത്തുകൾ

പെരിങ്ങര, നെടുമ്പ്രം, ഏറത്ത്, ഏഴംകുളം, കൊടുമൺ, നിരണം, പള്ളിക്കൽ, ആറൻമുള, മെഴുവേലി, ഏനാദിമംഗലം, കലഞ്ഞൂർ, വടശേരിക്കര, വെച്ചൂച്ചിറ, നാറാണംമൂഴി, കടപ്ര.

ഇപ്പോൾ പദ്ധതി നടക്കുന്ന പഞ്ചായത്തുകൾ

കടമ്പനാട്, അയിരൂർ, അരുവാപ്പുലം, കുന്നന്താനം, ചെന്നീർക്കര, ഏഴംകുളം, റാന്നി, കൊറ്റനാട്.

'' പദ്ധതി പ്രയോജനപ്പെടുന്നു. തേങ്ങ ഉത്പാദനം കൂടുന്നുണ്ട്. പക്ഷേ തെങ്ങിന്റെ രോഗങ്ങൾക്കുള്ള മരുന്നുകൾ പൂർണമായി ഫലം ചെയ്യുന്നില്ല.

പ്രദീപ്, കേരകർഷകൻ, പന്തളം തെക്കേക്കര പഞ്ചായത്ത്.