ഗാ​ർ​ഹി​ക​ ​വ്യ​വ​സാ​യത്തിന് വൈദ്യുതിച്ചെലവ് കുറയും

Saturday 17 January 2026 12:37 AM IST
ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോ 2026 വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. സിജി നായർ, കെ.പി. രാമചന്ദ്രൻ നായർ, ബി. ജയകൃഷ്ണൻ, പി.എ. നജീബ്, റോജി എം. ജോൺ എം.എൽ.എ., സന്തോഷ് കോശി തോമസ്, എം.എസ്. അനസ്, എ. നിസാറുദ്ദീൻ, എ.പി.എം. അബ്ദുൾ റഹീം, ജോസഫ് പൈകട, എം.എം. മുജീബ് റഹിമാൻ, വി.കെ.സി. മമ്മദ് കോയ തുടങ്ങിയവർ സമീപം

കൊച്ചി: നാനോ ഗാർഹിക വ്യവസായങ്ങളുടെ വൈദ്യുതിനിരക്ക് കുറയ്ക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വ്യവസായ നിരക്കിൽ നിന്ന് മാറ്റി ഗാർഹിക പരിധിയിലേക്കാണ് മാറ്റുക. വീടുകളിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യവസായങ്ങളെ സഹായിക്കാനാണിത്. അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോ 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ വകുപ്പിന്റെയും കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും മെട്രോമാർട്ടും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കി വ്യവസായസൗഹൃദ അന്തരീക്ഷം ഒരുക്കാനായി. 10വർഷമായി പവർകട്ട്, ലോഡ്‌ഷെഡിംഗ് എന്നിവ ഉണ്ടായിട്ടില്ല. പകൽ സമയത്തെ വൈദ്യുതി ഉപയോഗത്തിന് വ്യവസായങ്ങൾക്ക് 10ശതമാനം നിരക്കിളവ് നൽകി. മറ്റ് സമയങ്ങളിലും ഇളവിന് ആലോചനയി​ലുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ അദ്ധ്യക്ഷനായി​.

ബെന്നി ബെഹ്‌നാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.കെ.സി. മമ്മദ് കോയ, പ്രദർശനം ചെയർമാൻ കെ.പി. രാമചന്ദ്രൻ നായർ, കിൻഫ്ര മാനേജിംഗ് ഡയറക്‌ടർ സന്തോഷ് കോശി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

വ്യവസായ മഹാസംഗമം നാളെ

പതിനായിരംപേർ പങ്കെടുക്കുന്ന വ്യവസായി മഹാസംഗമം 18ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 500 സ്റ്റാളുകളിലായി അരലക്ഷം ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന പ്രദർശനം മൂന്നുദിവസം നീളും. വിവിധ മേഖലകളിലെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. അടിസ്ഥാന തലത്തിൽ വ്യവസായ സൗഹൃദത്തിന്റെ പ്രായോഗിക നിർവഹണവും ഭരണവും എന്ന വിഷയത്തിൽ ഇന്ന് നടക്കുന്ന സെമിനാർ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.