ശബരിമലയിൽ പടിപൂജയ്ക്ക് തുടക്കം

Saturday 17 January 2026 12:38 AM IST

ശബരിമല: മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിലെ ആദ്യ പടിപൂജ ഇന്നലെ ആരംഭിച്ചു. വൈകിട്ട് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്കുശേഷം 6.45ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ പടിപൂജ നടന്നു. പതിനെട്ട് പടികളും കഴുകി വൃത്തിയാക്കിയശേഷം പടിയിൽ മാലചാർത്തി പട്ടും വിളക്കും വച്ചു.

തുടർന്ന് ഓരോ പടിയും പൂജിച്ചശേഷം അഭിഷേകം നടത്തി. പടിയിൽ കർപ്പൂരം കത്തിച്ച് പുഷ്പാർച്ചന നടത്തി. ആയിരക്കണക്കിന് തീർത്ഥാടകർ ശരണം വിളികളോടെ പൂജകൾ കണ്ടുതൊഴുതു. മകരം രണ്ടുമുതൽ തുടർച്ചയായി നാലു ദിവസമാണ് എല്ലാവർഷവും പടിപൂജ നടക്കുന്നത്. രാശി മാറുന്നതനുസരിച്ചാണ് സംക്രമ സമയം നിശ്ചയിക്കുന്നത്. 18വരെ ദീപാരാധനയ്ക്കുശേഷം പടിപൂജ നടക്കും. നിലവിൽ 2040 വരെയുള്ള പടിപൂജ ബുക്കിംഗാണ്.