ചരിത്ര നേട്ടവുമായി ഫെഡറൽ ബാങ്ക്

Saturday 17 January 2026 12:39 AM IST

പ്രവർത്തന വരുമാനം 1729.33 കോടി രൂപയായി ഉയർന്നു കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 553364.49 കോടി രൂപയായി ഉയർന്നു. 1729.33 കോടി രൂപയുടെ പ്രവർത്തന ലാഭവുമായി റെക്കാഡ് പ്രകടനമാണ് ബാങ്ക് കാഴ്ചവച്ചത്. 1041.21 കോടി രൂപയാണ് അറ്റാദായം. സാമ്പത്തിക അച്ചടക്കവും ശ്രദ്ധാപൂർവ്വമായ പ്രവർത്തനങ്ങളും മാർജിനും ആസ്തി ഗുണനിലവാരവും മെച്ചപ്പെടുത്താൻ സഹായിച്ചുവെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെ.വി.എസ് മണിയൻ പറഞ്ഞു. ബാങ്കിന്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 11.40 ശതമാനം ഉയർന്ന് 553364.49 കോടി രൂപയിലെത്തി. മുൻവർഷം ഇതേ പാദത്തിൽ 266375.43 കോടി രൂപയായിരുന്ന നിക്ഷേപം 11.80 ശതമാനം വർദ്ധനവോടെ 297795.82 കോടി രൂപയായി. മൊത്തം വായ്പ 2,55,568.67 കോടി രൂപയായി വർദ്ധിച്ചു. അറ്റപലിശ വരുമാനം 9.11 ശതമാനം ഉയർന്ന് 2652.73 കോടി രൂപയിലെത്തി. ഫീ വരുമാനം 18.57 ശതമാനം വർദ്ധനയോടെ 896.47 കോടി രൂപയായി. 4446.86 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.72 ശതമാനമാണിത്.