ലോട്ടറി ക്ഷേമനിധി ബോർഡിലെ 14 കോടി തട്ടിയതിന് ക്ലാർക്കും സുഹൃത്തും അറസ്റ്റിൽ  ഭൂമി വാങ്ങിക്കൂട്ടി  റിയൽ എസ്റ്റേറ്റിൽ മുടക്കി ഇരുവരുടെയും സ്വത്ത് കണ്ടുകെട്ടും 

Saturday 17 January 2026 12:42 AM IST

തിരുവനന്തപുരം: ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിൽ നിന്ന് 14കോടി തട്ടിയെടുത്ത കേസിൽ എൽ.ഡി ക്ളാർക്കും സുഹൃത്തായ കോൺട്രാക്ടറും അറസ്റ്റിൽ.

2014- 2020 കാലയളവിൽ ബോർഡിൽ ഡെപ്യൂട്ടേഷനിൽ ജോലിചെയ്തിരുന്ന ആറ്റിങ്ങൽ ശ്രീവേലിക്കോണം കൃഷ്ണ വിഹാറിൽ കെ.സംഗീത് (46), വഴുതക്കാട് താമസിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ചരുവിളാകത്ത് വീട്ടിൽ അനിൽകുമാർ (50)എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്.

സ്‌പെഷ്യൽ ഓഡിറ്റിൽ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന്

സംഗീതിനെ സസ്പെൻഡ് ചെയ്തിരുന്നു.

ക്യാഷ് ബുക്ക്, ഓഫീസ് എക്സ്‌പെൻസസ് രജിസ്​റ്റർ, ചെക്ക് ബുക്കുകൾ എന്നിവ ദുരൂപയോഗം ചെയ്തും വ്യാജരേഖകൾ ചമച്ചും 14 കോടി തട്ടിയെന്നാണ് കണ്ടെത്തിയത്.

ചെക്കുകളിൽ തുക മാ​റ്റിയെഴുതിയും മേലുദ്യോഗസ്ഥരുടെ ഒപ്പുകൾ സ്വന്തമായി രേഖപ്പെടുത്തിയും, രജിസ്​റ്ററുകളിലും മ​റ്റും തിരിമറി നടത്തിയും ബോർഡിന്റെ അക്കൗണ്ടിൽ നിന്ന് പണം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്ത് അനിൽകുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റുകയായിരുന്നു. ഈ പണമുപയോഗിച്ച് വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടി. റിയൽ എസ്​റ്റേ​റ്റ് ബിസിനസിലും മുടക്കി. വീട് നിർമ്മിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

വിജിലൻസ് സ്പെഷ്യൽ ഇൻസവെസ്റ്റിഗേഷൻ രണ്ടാം യൂണിറ്റിലെ ഇൻസ്പെക്ടർ അനൂപ് ചന്ദ്രനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. സ്വത്തു കണ്ടുകെട്ടാൻ വിജിലൻസ് നടപടി തുടങ്ങി.

കൂടുതൽ പ്രതികളുണ്ടോയെന്ന് പരിശോധിക്കുകയാണ്. ഈ തട്ടിപ്പിന് ശേഷം സംഗീത് മറ്റിടങ്ങളിൽ നിന്നു പണം തട്ടിച്ചതായി വിവരമുണ്ട്. ക്ഷേമനിധി ബോർഡിലെ മ​റ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നു. ക്ഷേമനിധിയിലേക്ക് ഏജന്റുമാരും തൊഴിലാളികളും അടച്ച അംശാദായത്തിൽ നിന്നാണ് 14 കോടിയിലേറെ തട്ടിയെടുത്തത്.

സംഗീത് ഇറക്കിയത്

36 വ്യാജ ഉത്തരവുകൾ

#സാമ്പത്തിക തട്ടിപ്പ് നടത്താൻ ഡയറക്ടറേറ്റിലെ സീനിയർ, ജൂനിയർ സൂപ്രണ്ടുമാർ, ജോയിന്റ് ഡയറക്ടർ എന്നിവരുടെയെല്ലാം ഒപ്പ് സ്വന്തമായി ഇട്ട് 36 വ്യാജ ഉത്തരവുകൾ സംഗീത് ഇറക്കി.

ലോട്ടറി ഡയറക്ടറേറ്റിലും തട്ടിപ്പ് നടത്തിയിരുന്നു. 36600രൂപയുടെ ശമ്പളബിൽ അനധികൃതമായി പാസാക്കിയത് കണ്ടെത്തി തിരിച്ചടപ്പിച്ചിരുന്നു.

# ക്ഷേമനിധി ബോർഡിലെ തട്ടിപ്പിനു ശേഷമായിരുന്നു ലോട്ടറി ഡയറക്ടറേറ്റിലേക്ക് മാറ്റിയത്. അവിടെയും തട്ടിപ്പ് കണ്ടെത്തിയതോടെ അർബുദ രോഗിയാണെന്ന് ചികിത്സാ രേഖകൾ ഹാജരാക്കി. രേഖകൾ വ്യാജമാണെന്ന് കണ്ടെത്തി. മനോദൗർബല്യമുണ്ടെന്ന് പറഞ്ഞും ചികിത്സ തേടിയിരുന്നു. ദിവസവും 33 ലക്ഷത്തോളം രൂപയെത്തുന്ന ക്ഷേമനിധി ബോർഡിലും ആഴ്ചയിൽ 55കോടിയുടെ സമ്മാനം വിതരണം ചെയ്യുന്ന ലോട്ടറി ഡയറക്ടറുടെ ഓഫീസിലുമാണ് വൻ ക്രമക്കേടുണ്ടായത്.