താത്കാലിക നിയമനം, കെ.എസ്.ആർ.ടി.സിയുടെ അപ്പീൽ തള്ളി

Saturday 17 January 2026 11:55 PM IST

കൊച്ചി: ഡ്രൈവർമാരുടെ തസ്തികയിലേക്ക് പി.എസ്.സി റാങ്ക്ലിസ്റ്റ് നിലനിൽക്കേ താത്കാലിക നിയമനങ്ങൾ അനിശ്ചിതമായി തുടരാനാവില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ കെ.എസ്.ആർ.ടി.സി നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്ന സുപ്രീംകോടതി ഉത്തരവടക്കം മറികടക്കാനുള്ള തന്ത്രമാണ് കെ.എസ്.ആർ.ടി.സി സ്വീകരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി,ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. കോടതി ഉത്തരവിനെത്തുടർന്ന് നേരത്തെ പിരിച്ചുവിട്ട എം പാനൽഡ് ഡ്രൈവർമാരെയാണ് ദിവസവേതനത്തിന് വീണ്ടും നിയമിക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് വിമർശിച്ചു. സാമ്പത്തിക പ്രതിസന്ധിയടക്കം ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ആർ.ടി.സി അപ്പീൽ നൽകിയത്. പി.എസ്.സി റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥി ഫയൽചെയ്ത ഹർജിയിലാണ് താത്കാലിക നിയമനം അനിശ്ചിതമായി തുടരുന്നത് വിലക്കി സിംഗിൾബെഞ്ച് 2023ൽ ഉത്തരവ് പുറപ്പെടുവിച്ചത്.