സൗദിയിൽ തടസം, കാശും തീർന്നു; തഥാഗത് ഇന്ന് തിരിച്ചെത്തും
കോലഞ്ചേരി: അരുൺ തഥാഗത് സൈക്കിളിലെ ലോകപര്യടനം പാതിവഴിയിൽ തത്്കാലം നിറുത്തി ഇന്ന് തിരിച്ചെത്തും. ചിട്ടി പിടിച്ച തുക കൊണ്ട് നിലവിലുള്ള ലോൺ തീർത്ത് പുതിയ ലോണെടുത്ത് യാത്ര തുടരാനാണ് മടക്കം. 547 ദിവസം കൊണ്ട് 17,000 കിലോമീറ്റർ പിന്നിട്ട് 62 രാജ്യങ്ങൾ സഞ്ചരിച്ചാണ് അരുൺ അഭിമാനത്തോടെ തിരിച്ചെത്തുന്നത്. ദുബായിൽ നിന്നും ഖത്തർ വഴി സൗദി, ഖസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ചൈന, നേപ്പാൾ മാർഗം നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ സൗദി സൈക്കിൾ സഞ്ചാരത്തിന് അനുമതി നൽകിയില്ല. അതിനാൽ ഖത്തറിൽ നിന്നും ദുബായ് വഴി വിമാന മാർഗ്ഗമാണ് തിരിച്ചുവരുന്നത്. സൗദി ഒഴിവാക്കിയുള്ള യാത്ര പ്ലാൻ ചെയ്തെങ്കിലും മറ്റ് രാജ്യങ്ങൾ കൊടും തണുപ്പിന്റെ പിടിയിലാണ്. ഏപ്രിൽ കഴിയാതെ തണുപ്പകലില്ല. അതിനിടെ കൈയിലെ പണത്തിന്റെ കുറവ് കൂടി ആയതോടെ നാട്ടിൽ വന്ന് തിരികെ പോകാൻ പദ്ധതിയിടുകയായിരുന്നു. യൂറോപ്യൻ യാത്രയിൽ വിട്ടുപോയ നെതർലൻഡ്സ്, ബെൽജിയം, മൽഡോവ, ബെലാറസ്, റഷ്യ, ചൈന വഴി ഖസാക്കിസ്ഥാനിലൂടെ കിർഗിസ്ഥാനും താജിക്കിസ്ഥാനും കടന്ന് നേപ്പാൾ വഴി ഇന്ത്യയിലേക്കെത്തുന്ന സഞ്ചാരമാണ് ഇനി ഉദ്ദേശം.
ഗൗതമബുദ്ധന്റെ ആരാധകൻ
2024 ജൂലൈ 22ന് പാരീസിലെ ഒളിമ്പിക് വേദിയിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ബൾഗേറിയ കടന്ന് യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ സന്ദർശിച്ച് ഷെങ്കൻ വിസ നിയമപ്രകാരം ഓരോ മൂന്നുമാസം കൂടുമ്പോഴും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് പുറത്തുവന്ന് വീണ്ടും തിരിച്ചെത്തിയാണ് യാത്ര. കേരള ബാങ്കും കേരള ലോട്ടറിയും അരുണിന്റെ യാത്രയ്ക്ക് സഹായങ്ങൾ നൽകിയിട്ടുണ്ട്. എറണാകുളം കളക്ടറേറ്റിലെ റവന്യൂ ഓഫീസിൽ സീനിയർ ക്ലർക്കായ അരുൺ ജോലിയിൽ നിന്ന് രണ്ടു വർഷം അവധിയെടുത്താണ് സൈക്കിളിൽ ലോകം ചുറ്റുന്നത്. രണ്ടുലക്ഷം രൂപയ്ക്ക് യു.എസിൽ നിന്ന് ഇറക്കുമതി ചെയ്ത സർളി സൈക്കിളിലാണ് യാത്ര. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ അരുൺ ഗൗതമബുദ്ധനോടുള്ള ആരാധനയാലാണ് പേരിനൊപ്പം തഥാഗത് ചേർത്തത്. തൃപ്പൂണിത്തുറയ്ക്കടുത്ത് അമ്പലമുകൾ പാറേക്കാട്ടിൽ നാരായണന്റെയും തങ്കമണിയുടെയും മകനാണ് ഏകാന്തജീവിതം നയിക്കുന്ന 42കാരൻ.