ഐ.എച്ച്.ആർ.ഡി എ.ഐ കോൺക്ലേവിന് തുടക്കമായി

Saturday 17 January 2026 12:57 AM IST

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി സംഘടിപ്പിക്കുന്ന ത്രിദിന എ.ഐ കോൺക്ലേവ് കനകക്കുന്ന് നിശാഗന്ധിയിൽ അമേരിക്കയിലെ ഗ്രീൻ മാംഗോ അസോസിയേറ്റ്സ് പ്രിൻസിപ്പൽ കൺസൾട്ടന്റും ലോകപ്രശസ്ത എ.ഐ വിദഗ്ധനുമായ ഡോ.ക്ലിഫ് കുസ്സ്‌മേൽ ഉദ്ഘാടനം ചെയ്തു. എ.ഐ വിദഗ്ധരും സർക്കാർ, വിദ്യാഭ്യാസ, വ്യവസായ മേഖലകളിലെ നയരൂപീകരണ ചുമതലയുള്ളവരും ഒത്തുചേരുന്ന ഇത്തരം കോൺക്ലേവുകൾ ടെക്നോളജിയുടെ ഭാവിയിലേക്കുള്ള ദിശാബോധം സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. പി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സിസ തോമസ്, കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ എന്നിവർക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ വിദഗ്ധരും ശാസ്ത്രജ്ഞരും ചടങ്ങിൽ പങ്കെടുത്തു.

വിദ്യാഭ്യാസമുൾപ്പെടെയുള്ള സമസ്ത മേഖകളിലും നിർണ്ണായക സ്വാധീനം ചെലുത്തുന്ന ടെക്നോളജിയായി എ.ഐ യും ജനറേറ്റീവ് എ.ഐയും വളർന്നുവെന്നും അന്താരാഷ്ട്ര കോൺക്ളവുകൾ നയരൂപീകരണത്തിനും രാജ്യത്തിന്റെ ടെക്നോളജി വികാസത്തിന് മുതൽക്കൂട്ടാണെന്നും ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.വി.എ.അരുൺ കുമാർ പറഞ്ഞു

ഇത്തവണത്തെ കോൺക്ലേവിന്റെ ഭാഗമായി എ.ഐ ഹാക്കത്തോൺ,എ.ഐ ക്വിസ്സ്,എ.ഐ ഇന്നോവേറ്റ്,ഐ.ഇ.ഇ.ഇറൗണ്ട് ടേബിൾ ഡിസ്കഷൻ തുടങ്ങിയ മേഖലകളിൽ എ.ഐ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള പൊതുചർച്ചകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഐ.എച്ച്.ആർ.ഡി എറണാകുളം മോഡൽ എൻജിനിയറിംഗ് കോളേജ് നിർമ്മിച്ച മൈക്രോപ്രോസസ്സിംഗ് ഡിസൈനർ ചിപ്പുകളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. ഡ്രൈവർലെസ്സ് കാറുകളുടെ നിർമ്മാണം ഉൾപ്പെടെയുള്ള മേഖലകളിൽ ചിപ്പുകളുപയോഗിക്കാൻ കഴിയും. കേന്ദ്ര സർക്കാരിന്റെ ചണ്ഡിഗറിലെ സെമികണ്ടക്ടർ ലബോറട്ടറിയിലാണ് ഫാബ്രിക്കേറ്റ് ചെയ്തത്. പ്രൊജക്റ്റിന് നേതൃത്വം നൽകിയ ഡോ.ജോബിമോൾ ജേക്കബ്, ഡോ.ജഗദീഷ് കുമാർ പി,റാഷിദദ്, കോളേജ് പ്രിൻസിപ്പൽ ഡോ.ഇ.എസ്. ജയചന്ദ്രൻ എന്നിവരെ അഭിനന്ദിച്ചു.കോൺക്ലേവ് കൺവീനർ ഡോ. വി.ജി. രാജേഷ് നന്ദി പറഞ്ഞു.

ഡോ.അഷ്റഫ്, അച്യുത്ശങ്കർ എസ്. നായർ, ഡോ.ജിജു പി.ഉലഹന്നാൻ, സുനിൽ പ്രഭാകരൻ,കെ.രാജീവ് എന്നിവർ പങ്കെടുത്തു.