രാഷ്ട്രീയ വാക്പോരിൽ പുകഞ്ഞ് ബ്രഹ്മപുരം
കൊച്ചി: കൊച്ചിയിൽ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിനെ ചൊല്ലി കോൺഗ്രസ് - സി.പി.എം തർക്കം രൂക്ഷമാകുന്നു. പുറത്ത് പ്രചരിച്ചതല്ല യാഥാർത്ഥ്യമെന്നും ബ്രഹ്മപുരത്ത് മാലിന്യമലയാണെന്നും സ്ഥലം സന്ദർശിച്ചശേഷം മേയർ അഡ്വ. വി.കെ. മിനിമോൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ 90 ശതമാനം മാലിന്യസംസ്‌കരണം പൂർത്തിയാക്കിയാണ് കഴിഞ്ഞ ഭരണസമിതി പടിയിറങ്ങിയതെന്നും മാലിന്യപ്രശ്‌നം പൂർണമായി പരിഹരിച്ചുവെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും മുൻ മേയർ അനിൽ കുമാർ തിരിച്ചടിച്ചു. ഇതോടെ ബ്രഹ്മപുരം വിഷയം വീണ്ടും രാഷ്ട്രീയപ്പോരിന് കളമായി. കഴിഞ്ഞ ദിവസമാണ് മേയറും സംഘവും ബ്രഹ്മപുരം സന്ദർശിച്ചത്.
മേയർ വി.കെ. മിനിമോൾ പറഞ്ഞത് 1. ബയോമൈനിംഗ് നടത്തി വീണ്ടെടുത്തു എന്ന് പറഞ്ഞ 104 ഏക്കർ സ്ഥലം പുഴയിൽ മുങ്ങിയ സ്ഥിതിയിലാണ് 2. മാലിന്യങ്ങൾ ഒരു പ്രോസസിംഗും നടത്താതെ കൂട്ടിയിട്ടതിനാൽ പ്ലാസ്റ്റിക് മലയേക്കാൾ വലിയ മല രൂപപ്പെട്ടു. 3. ബി.പി.സി.എൽ സഹകരണത്തോടെ സ്ഥാപിച്ച സി.ബി.ജി പ്ലാന്റ് മാത്രമാണ് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നത്. പുതിയ പദ്ധതി നടപ്പാക്കേണ്ടി വരും. 4. രണ്ടര ലക്ഷം ടണ്ണോളം മാലിന്യം ഇനിയും സംസ്‌കരിക്കാനുണ്ട്. പഴയ പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണിത്. 5. ബ്രഹ്മപുരം മാസ്റ്റർ പ്ലാനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.
മുൻ മേയർ അനിൽ കുമാറിന്റെ മറുപടി: 1. ബയോമൈനിംഗിൽ ഭൂമിയുടെ നിരപ്പ് താഴ്ന്നിട്ടുണ്ട്. വേലിയേറ്റത്തിൽ വെള്ളംകയറാതിരിക്കാൻ കടമ്പ്രയാറിൽ സംരക്ഷണ ഭിത്തി കെട്ടണമെന്ന് നിർദ്ദേശിച്ചിരുന്നു 2. മാലിന്യമലകൾ നീക്കം ചെയ്ത കാര്യം നാട്ടുകാർക്ക് അറിയുന്നതാണ്. 3. പുതിയ പദ്ധതിയോട് എതിർപ്പില്ല. ബ്രഹ്മപുരത്തിനായി കോടികൾ ചെലവാക്കേണ്ട സാഹചര്യമില്ല. 4. ശാസ്ത്രീയമായി ക്യാപ്പ് ഫില്ലിംഗ് നടത്തിയത് ബയോമൈനിംഗിന് വിധേയമാക്കേണ്ടെന്ന് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. രണ്ടര ലക്ഷം ടൺ മാലിന്യമുണ്ടെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. 5. മാസ്റ്റർ പ്ലാനിൽ മാറ്റം വരുത്താം. എന്നാൽ പ്രതിദിനം 300 ടൺ മാലിന്യം സംസ്കരിക്കാൻ ബ്രഹ്മപുരത്തിന് സാധിക്കുമെന്നത് തെറ്റാണ്. ദിവസം 180 ടൺ മാലിന്യമേ ഇവിടെ സംസ്‌കരിക്കാനാകൂ. മാലിന്യം കുമിഞ്ഞുകൂടുമ്പോൾ അഴിമതിക്ക് വഴിതുറക്കും.