കേരളത്തിന് 3 അമൃത് ഭാരത് ട്രെയിൻ; പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: കേരളത്തിന് മൂന്ന് അമൃത് ഭാരത് ട്രെയിനും ഗുരുവായൂരിലേക്ക് പുതിയ പാസഞ്ചർ ട്രെയിൻ സർവീസും അനുവദിച്ച് റെയിൽവേ. 23ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും.
തിരുവനന്തപുരം- താംബരം, തിരുവനന്തപുരം- ഹൈദരാബാദ്, നാഗർകോവിൽ- മംഗളൂരു റൂട്ടുകളിലാണ് അമൃത് ഭാരത് സർവീസ്. ഗുരുവായൂർ- തൃശൂർ റൂട്ടിലാണ് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചത്. ദിവസവും വൈകിട്ട് 6.10ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 6.50ന് തൃശൂരിലും തിരിച്ച് രാത്രി 8.10ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരിലുമെത്തും.
നാഗർകോവിൽ-ചർലാപ്പള്ളി, കോയമ്പത്തൂർ- ധൻബാദ് തുടങ്ങി തമിഴ്നാടിനുള്ള അമൃത് ഭാരത് സർവീസുകളും ഷൊർണൂർ- നിലമ്പൂർ പാത വൈദ്യുതീകരണവും അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ നവീകരണപദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ച കേരളത്തിലെ കുറ്റിപ്പുറം, ചങ്ങനാശ്ശേരി, ഷൊർണൂർ ഉൾപ്പെടെയുള്ള 11 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
അമൃത് ഭാരത് ട്രെയിൻ
1. നോൺ എ.സി രാത്രികാല സ്ളീപ്പർ ട്രെയിൻ
2. മുന്നിലും പിന്നിലും പുഷ്പുൾ ലോക്കോ മോട്ടീവ് എൻജിൻ
3. മണിക്കൂറിൽ 130കിലോമീറ്റർ വരെ വേഗം
4. 500കിലോമീറ്റർ അകലങ്ങളിലുള്ള രണ്ട് നഗരങ്ങളെ ബന്ധിപ്പിച്ചാകും സർവീസ്
5. എക്സ്പ്രസ് ട്രെയിനുകളെക്കാൾ നിരക്ക് കുറവ്
6. കോച്ചുകളിൽ സി.സി ടിവി നിരീക്ഷണം