സ്റ്റിയറിംഗ് കമ്മിറ്റിയുടെ പച്ചക്കൊടി: കേരളാ കോൺഗ്രസ്-എം എൽ.ഡി.എഫിൽ തുടരും
കോട്ടയം: മുന്നണിമാറ്റ ചർച്ചയെ ചൊല്ലിയുള്ള വിവാദം ഭിന്നതയ്ക്ക് വഴിമരുന്നിടുമെന്ന് പലരും പ്രതീക്ഷിച്ച കേരളാകോൺഗ്രസ് -എം അടിയന്തിര സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഒന്നും സംഭവിച്ചില്ല. ഇടതു മുന്നണി സർക്കാർ ചെയ്തതും കേരളാ കോൺഗ്രസ് നേടിയെടുത്തതുമായ കാര്യങ്ങൾ അക്കമിട്ടു നിരത്തി എന്തിന് ഇടതുമുന്നണി വിടണമെന്ന ചെയർമാൻ ജോസ് കെ മാണിയുടെചോദ്യത്തിന്, മുന്നണിമാറ്റം ചർച്ചയാക്കാൻ കാത്തിരുന്നവർക്ക് മറുപടിയില്ലാതായി.അതോടെ നാലര മണിക്കൂറോളം നീണ്ട സ്റ്റിയറിംഗ് കമ്മിറ്റി യോഗം ശുഭ പര്യാവസായിയായി.
യു.ഡി.എഫിലേക്കു പോകണമെന്നും എൽ.ഡി.എഫിൽ ഉറച്ചു നിൽക്കണമെന്നും ഭിന്നഅഭിപ്രായം പ്രകടിപ്പിച്ച പാർട്ടിയിലെ അഞ്ച് എം.എൽ.എമാരെയും ഇടവും വലവും ഇരുത്തിയ ജോസ് തങ്ങളെല്ലാം എൽ.ഡി.എഫിൽ ഉറച്ചു നിൽക്കുന്നവരാണെന്ന് പറയിപ്പിച്ചു. 'ഞങ്ങൾ എവിടെയുണ്ടോ അവിടെ ഭരണമുണ്ടെന്ന് നേരത്തേ പറഞ്ഞത് തിരുത്തി, ഞങ്ങൾ എൽ.ഡി.എഫിൽ ഉണ്ടോ ഭരണം എൽ.ഡി.എഫിനായിരിക്കു'മെന്ന് ജോസ് പറഞ്ഞു..
കോട്ടയത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ യോഗം ആരംഭിക്കുന്നതിന് മുമ്പ് എൽ.ഡി.എഫ് വിടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിനും എൽ.ഡി.എഫ് വിടാൻ ക്രൈസ്തവസഭയുടെ സമ്മർദ്ദമില്ലെന്ന് പ്രമോദ് നാരായണൻ എം.എൽ.എയും മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അഞ്ച് എം.എൽ.എമാരും സംസ്ഥാന കമ്മിറ്റി ഓഫീസിനടുത്തുള്ള കടയിൽ ചായ കുടിക്കുന്നതിനിടെയാണ് ജോസെത്തിയത്. കാറിൽ നിന്നിറങ്ങിയ ജോസ് എം.എൽ.എമാർക്കൊപ്പം ചെറുജാഥയായാണ് യോഗത്തിനെത്തിയത്.
15 സീറ്റിനായി
സമ്മർദ്ദം ചെലുത്തും
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് 13 സീറ്റ് ലഭിച്ചെങ്കിലും ഒരു സീറ്റ് സി.പി.എം തിരിച്ചെടുത്തു. അതുൾപ്പെടെ 13 സീറ്റിൽ മത്സരിക്കുന്നതിന് പുറമേ രണ്ടു സീറ്റ് കൂടുതലായി ആവശ്യപ്പെടും. സീറ്റു ചർച്ചകൾക്കും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനും എൽ.ഡി.എഫ് മദ്ധ്യമേഖലാ ജാഥ നയിക്കുന്നതിനും പാർട്ടി ചെയർമാൻ ജോസ് കെ മാണിയെ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തി. കെ.എം മാണിയുടെ ജന്മദിനമായ ജനുവരി 30 കാരുണ്യദിനമായി ആചരിക്കും.
തദ്ദേശ തിരഞ്ഞെടുപ്പിൽ പല ജില്ലകളിലും ജയിക്കുന്ന സീറ്റുകൾ ലഭിച്ചില്ലെന്നും സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടെന്നും സി.പി.എമ്മിന്റെ വോട്ടുകൾ കാര്യമായി കിട്ടിയില്ലെന്നും ചില നേതാക്കൾ വിമർശനമുന്നയിച്ചു. വടക്കൻ ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതൽ വിമർശിച്ചത്. 86അംഗ സ്റ്റിയറിംഗ് കമ്മിറ്റിയിൽ 80പേർ പങ്കെടുത്തു.