ദേവസ്വംബോർഡ് ഓഡിറ്റിന് കൺസൾട്ടൻസി
കൊച്ചി: വരുമാനം ഓഡിറ്റ് ചെയ്യുന്നതിന് കുറ്റമറ്റ സോഫ്ട്‌വെയർ സജ്ജമാക്കാൻ നടപടികൾ തുടങ്ങിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ. കൺസൾട്ടന്റായി പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചറിനെ (കെ.എസ്.ഐ.ടി.എൽ)ചുമതലപ്പെടുത്തിയതായും അറിയിച്ചു.
കൺസൾട്ടൻസിയുടെ നേതൃത്വത്തിൽ ഒരു മാസത്തിനകം പദ്ധതിക്കുള്ള പ്രൊപ്പോസൽ തയ്യാറാക്കും. തുടർന്ന് നടത്തിപ്പ് ഏജൻസിയെ കണ്ടെത്താനുള്ള ബിഡ്ഡിംഗിലേക്ക് കടക്കും. ഏപ്രിൽ 30നകം ഈ ഘട്ടം പൂർത്തിയാകും. എന്നാൽ കെ.എസ്.ഐ.ടി.എല്ലിന് ഇക്കാര്യത്തിലുള്ള സാങ്കേതിക പരിജ്ഞാനം പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ഐ.ടി പാർക്കുകൾ ഒരുക്കുന്ന കമ്പനിയെന്നാണ് പ്രൊഫൈലിൽ കാണുന്നതെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് കെ.എസ്.ഐ.ടി.എല്ലിനെ ഹർജിയിൽ കക്ഷി ചേർത്തു. രണ്ടാഴ്ചയ്ക്കു ശേഷം വിഷയം പരിഗണിക്കുമ്പോൾ സ്ഥാപനത്തിന്റെ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഓൺലൈനായി ഹാജരായി പദ്ധതി വിശദീകരിക്കണം.
ദേവസ്വം ബോർഡ് ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജിയാണ് ജസ്റ്രിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്. നേരത്തേ ദേവസ്വം വൗച്ചറുകളിലും നിലയ്ക്കലിലെ പെട്രോൾ പമ്പിന്റെ ക്യാഷ് രജിസ്റ്ററിലും സന്നിധാനത്തെ നെയ് വില്പനയിലും ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തി. തുടർന്ന്, കണക്കെടുപ്പിന് മികച്ച സോഫ്ട്‌വെയർ അനിവാര്യമാണെന്ന് കോടതി വിലയിരുത്തിയിരുന്നു.