തിരഞ്ഞെടുപ്പ് സാഹചര്യം വിലയിരുത്തി സി.പി.എം കേന്ദ്ര കമ്മിറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സാഹചര്യം ഇന്നലെ ഇവിടെ ആരംഭിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്, ബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യവും വിലയിരുത്തി. പാർട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനമായ കേരളത്തിലെ സ്ഥിതിഗതികൾ ഇന്നും നാളെയുമായി വിശദമായി ചർച്ച ചെയ്യും. എം.എ ബേബി ജനറൽ സെക്രട്ടറിയായ ശേഷം കേരളത്തിൽ നടക്കുന്ന ആദ്യ കേന്ദ്ര കമ്മിറ്റി യോഗമാണിത്.
എം.എ ബേബിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യെഗത്തിൽ ഇന്നലെ റിപ്പോർട്ടിംഗും പൊതുവായ ചർച്ചകളുമാണ് നടന്നത്. കേരളം, തമിഴ്‌നാട്, ബംഗാൾ, പുതുച്ചേരി, ആസാം സംസ്ഥാനങ്ങളിലെ പാർട്ടി സെക്രട്ടറിമാർ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചും പാർട്ടിയുടെ നിലവിലെ സ്വാധീനത്തെ സംബന്ധിച്ചുമുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര സർക്കാരിനെതിരെ ദേശീയ തലത്തിൽ ആവിഷ്‌കരിക്കേണ്ട സമര പരിപാടികൾ ഇന്നു ചർച്ച ചെയ്യും.
തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം വരുത്തിയ മാറ്റങ്ങളും തൊഴിൽ കോഡും കേന്ദ്ര കരടു വിത്തു ബില്ലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വേട്ടയും ചർച്ചയാകും. കേരളത്തിൽ ഭരണം നിലനിറുത്താനുള്ള വിശദ ചർച്ചകളും തീരുമാനങ്ങളും ഇന്നും നാളെയുമായി കൈക്കൊള്ളും.
രണ്ടു തവണ മത്സരിച്ചവർ തിരഞ്ഞെടുപ്പിൽ നിന്നും മാറിനിൽക്കണമെന്ന വ്യവസ്ഥ കേരളത്തിൽ നടപ്പാക്കിയത്
കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ്. ഭരണം നിലനിറുത്താൻ തവണ വ്യവസ്ഥയിൽ അയവ് വരുത്താനുള്ള തീരുമാനത്തിലാണ് സംസ്ഥാന നേതൃത്വം. ഈ വിഷയവും യോഗം ചർച്ച ചെയ്യും.