ആന്റണി രാജു അപ്പീൽ നൽകി

Saturday 17 January 2026 12:00 AM IST

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ നിർണായക തെളിവായിരുന്ന അടിവസ്ത്രം മാറ്റിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻമന്ത്രി ആന്റണി രാജു കുറ്റവും ശിക്ഷയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി ഇന്ന് പരിഗണിക്കും. നേരത്തെ നടത്തിയ അന്വേഷണത്തിൽ കുറ്റ വിമുക്തനായി കണ്ട തന്നെ ബോധപൂർവ്വം പ്രതിയാക്കിയതാണെന്ന വാദം അടക്കം ആന്റണി രാജു ഉന്നയിച്ചിരുന്നു. എഫ്. ഐ. ആർ റദ്ദാക്കാൻ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചപ്പോൾ ഇതേ വാദം ഉന്നയിച്ചിരുന്നെങ്കിലും ഇരു കോടതികളും അത് തള്ളിയാണ് വിചാരണ നേരിടാൻ നിർദ്ദേശിച്ചത്. കുറ്റവും ശിക്ഷയും മരവിപ്പിച്ചാൽ ആന്റണി രാജുവിന്റെ അയോഗ്യത ഒഴിവാകും. രാഹുൽ ഗാന്ധി, എൻ. സി. പി നേതാവും ലക്ഷദ്വീപ് എം. പി യുമായിരുന്ന മുഹമ്മദ്‌ ഫൈസൽ എന്നിവരുടെ കുറ്റവും ശിക്ഷയും കോടതികൾ മരവിപ്പിച്ചപ്പോഴാണ് അവർ അയോഗ്യതയിൽ നിന്ന് രക്ഷപ്പെട്ടത്.