ആൾക്കാർ സി.പി.എം വിടുന്നത് കമ്യൂണിസം ഇല്ലാത്തതിനാൽ: ചെന്നിത്തല
തിരുവനന്തപുരം: മനംമടുത്ത് ആൾക്കാർ രാജിവച്ച് പുറത്തു വരുന്നത് സി.പി.എമ്മിൽ കമ്യൂണിസം ഇല്ലാത്തതിനാലെന്ന് രമേശ് ചെന്നിത്തല. കമ്യൂണിസ്റ്റുകാർക്ക് സി.പി.എമ്മിൽ തുടരാനാവാത്ത അവസ്ഥയാണ്. അതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് വിട്ടു സി.പി.എമ്മിലെത്തിയവർക്ക് സ്വീകരണം കൊടുത്ത് വലിയ പദവികൾ നൽകി.അതേ സമയം കോൺഗ്രസിലേക്ക് വന്നാൽ അവരെ വർഗ വഞ്ചകർ എന്നുവിളിച്ചാക്ഷേപിക്കുന്നത് ഇരട്ടത്താപ്പാണ്.കൂടുതൽ ജനവിഭാഗങ്ങൾ തദ്ദേശ തിരെഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനോട് അടുത്തുകൊണ്ടിരിക്കുകയാണ്.
പത്തു വർഷമായി കഷ്ടതയും പ്രയാസങ്ങളും ദുരിതവും അനുഭവിക്കുന്ന ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു.ആരോടെങ്കിലും യു.ഡി.എഫിലേക്ക് വരണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല ആരുവന്നാലും വേണ്ടെന്ന് പറയുകയുമില്ല.വരുന്നത് ആരാണ് എന്ന് നോക്കി കൂട്ടമായി ആലോചിച്ച് തിരുമാനമെടുക്കും.
കേരളാ കോൺഗ്രസ് എമ്മുമായി ഒരു ഘട്ടത്തിലും ഔദ്യോഗികമായോ അനൗദ്യോഗികമായോ യു.ഡി.ഫിൽ നിന്ന് ആരും ചർച്ച നടത്തിയിട്ടില്ല.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും അതിനുമുമ്പ് പാർലിമെന്റ് തിരഞ്ഞെടുപ്പിലുമുണ്ടായ പരാജയം കണക്കിലെടുത്ത് ആരെങ്കിലും എവിടെയെങ്കിലും അഭിപ്രായ പ്രകടനം നടത്തിയെങ്കിൽ ഞങ്ങൾക്കതിൽ ഉത്തരവാദിത്തമില്ല.
പത്തുവർഷം ജനങ്ങളെ ദ്രോഹിച്ചിട്ട് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഗൃഹസന്ദർശനമെന്ന പേരിൽ വീടുകൾ കയറി മാപ്പു പറയുന്ന ഏർപ്പാട് ജനങ്ങൾ തിരിച്ചറിയും.ശബരിമലയിൽ കാണാതായ 39.8 കിലോ സ്വർണ്ണം എവിടെയെന്നാണ് ചോദ്യം.ആരുടെ കാലത്ത് ക്രമക്കേട് നടന്നാലും അന്വേഷിക്കണം.ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നതിൽ യു.ഡി.എഫിന് യാതൊരു വിഷമവുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.