കേരളാ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ല: വി.ഡി.സതീശൻ

Saturday 17 January 2026 12:00 AM IST

തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മുമായി ചർച്ച നടത്തിയെന്നോ അവർ യു.ഡി.എഫിലേക്ക് തിരിച്ച് വരുമെന്നോ ആരും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അവർ ഇടതു മുന്നണിയിൽ നിൽക്കുന്ന കക്ഷിയാണ്. അവരുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നും തങ്ങൾ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വിശദമാക്കി.

കെ.എം മാണിക്ക് സ്മാരകം പണിയാൻ തിരുവനന്തപുരത്ത് സർക്കാർ സ്ഥലം അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു. വരാനിരിക്കുന്ന തലമുറ മാണി ആരായിരുന്നെന്ന് തിരിച്ചറിയണം. പഠനങ്ങളും നടക്കണം. സ്മാരകത്തിനുള്ള സ്ഥലം കിട്ടാൻ തങ്ങൾ കൂടി നിമിത്തമായതിൽ സന്തോഷമുണ്ട്. ഇത്രയും വർഷമായി നൽകാത്ത സ്ഥലമാണ് ഇപ്പോൾ നൽകിയത്.

നരകത്തീയിൽ വെന്ത് മരിക്കണമെന്ന് മാണി ജീവിച്ചിരുന്നപ്പോൾ ശാപവാക്കുകൾ ചൊരിഞ്ഞവർ തന്നെ സ്മാരകം പണിയാൻ സ്ഥലം അനുവദിച്ചതിൽ സന്തോഷം.

സ്ത്രീകളെ ആര് അപമാനിച്ചാലും അതനുവദിക്കില്ല. അങ്ങനെയുള്ളവർക്ക് താക്കീത് നൽകും. ആവർത്തിച്ചാൽ അവർ പാർട്ടിയിൽ ഉണ്ടാകില്ല. ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നപ്പോൾ സി.പി.എം നേതാക്കൾക്ക് എന്തൊരു സങ്കടമാണ്. എ.കെ.ജി സെന്ററിലിരുന്ന് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നവർ മഹിളാ കോൺഗ്രസ് നേതാക്കൾ സി.പി.എമ്മിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിക്കുന്നു. പിതാവ് മരിച്ച് വീട്ടിലിരിക്കുന്ന ഷാനിമോളെ വരെ അപമാനിച്ചു. പ്രായമായവരെ കൊണ്ടു വന്നതാണ് എം.വി ഗോവിന്ദന് പ്രശ്നമെങ്കിൽ അടുത്ത തവണ ചെറുപ്പക്കാരെ നോക്കാം. പ്രായമായവർ മോശക്കാരാണോ. എം.വി ഗോവിന്ദൻ പിണറായി വിജയനെ ഉദ്ദേശിച്ച് പറഞ്ഞതാകാം- സതീശൻ പറഞ്ഞു.

.