പാൽവില വർദ്ധന: തീരുമാനിക്കേണ്ടത് മിൽമയെന്ന് മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: പാൽവില വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മിൽമയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. വില വർദ്ധിപ്പിക്കാനുള്ള അധികാരം മിൽമ ബോർഡിനുണ്ട്. ഭരണസമിതിയെടുക്കുന്ന തീരുമാനം പരിശോധിച്ച് വിലകൂട്ടുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാൽവില വർദ്ധിപ്പിക്കണമെന്ന മിൽമ മേഖല യൂണിയനുകളുടെ ആവശ്യത്തിൽ ലിറ്ററിന് 3-4 രൂപ വർദ്ധിപ്പിക്കുന്നതിന് മിൽമ നിയോഗിച്ച വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി ചിഞ്ചുറാണി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, പാലിനും പാലുത്പന്നങ്ങൾക്കും ജി.എസ്.ടി ഒഴിവാക്കിയ സാഹചര്യത്തിൽ വില വർദ്ധനയിൽ ഉടൻ തീരുമാനമെടുക്കേണ്ടെന്ന നിലപാടിലാണ് മിൽമ ബോർഡ്. ഇപ്പോൾ വില വർദ്ധിപ്പിച്ചാൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ക്ഷീണമുണ്ടാക്കുമെന്ന് എൽ.ഡി.എഫ് നേതാക്കളും ചൂണ്ടിക്കാട്ടുന്നുണ്ട്.