കൈത്താങ്ങായി കളക്ടർ,​ അന്യസംസ്ഥാന തൊഴിലാളികൾക്ക് പുതു ജീവിതം

Saturday 17 January 2026 3:22 AM IST

കൈകൾ നഷ്ടപ്പെട്ട അന്യസംസ്ഥാന തൊഴിലാളികൾക്ക് ജില്ലാ കളക്ടർ ജി പ്രിയങ്കയും പീസ് വാലി ഫൗണ്ടേഷൻ ഭാരവാഹികളും ചേർന്ന് കൃത്രിമ കൈ നൽകുന്നു

കാക്കനാട്: അപകടത്തിൽ കൈകൾ നഷ്ടപെട്ട അന്യസംസ്ഥാന തൊഴിലാളികളായ സുദിപ്ത മണ്ഡലും മുക്താർ അലിയും കഴിഞ്ഞ ഒക്ടോബറിലാണ് സങ്കടവുമായി ജില്ലാ കളക്ടറെ കാണാനെത്തിയത്. കൃത്രിമ കൈകൾ ലഭിച്ചാൽ എന്തെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കാനാകുമെന്ന പ്രതീക്ഷ അവർ കളക്ടറെ അറിയിച്ചു. ഇവരുടെ അപേക്ഷ അനുഭാവപൂർവം പരിഗണിച്ച കളക്ടർ ആവശ്യമായ സഹായം ലഭ്യമാക്കാൻ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാറിനെ ചുമതലപെടുത്തി.

അഭ്യർത്ഥന പങ്കുവെച്ച അസിസ്റ്റന്റ് കളക്ടറോട് കൃത്രിമ കൈകൾ എന്ന സുദിപ്തയുടെയും മുക്താറിന്റെയും സ്വപ്നം യഥാർത്ഥ്യമാക്കാമെന്ന് കോതമംഗലം പീസ് വാലി ഫൗണ്ടേഷൻ ഉറപ്പ് നൽകി. ആസ്റ്റർ ഡി.എം. ഫൗണ്ടേഷനും റോട്ടറി ക്ലബ്‌ ഒഫ് കൊച്ചി മിഡ്‌ ടൗണും കളക്ടറുടെയും പീസ് വാലിയുടെയും അഭ്യർത്ഥന അംഗീകരിച്ചതോടെ നിർദ്ധനരായ തൊഴിലാളികളുടെ പുതുജീവിതത്തിനു വഴി തെളിഞ്ഞു.

കൈപത്തി നഷ്ടമായ മുക്താർ അലിക്ക് ആസ്റ്റർ ഡി.എം. ഫൗണ്ടേഷൻ നൂതനമായ സിലിക്കൺ നിർമ്മിത കൈപ്പത്തി നൽകി. റോട്ടറി ക്ലബ്‌ ഒഫ് കൊച്ചിൻ മിഡ്‌ ടൗൺ ആണ് തോൾ ഭാഗം മുതൽ കൈ അറ്റ് പോയിരുന്ന സുദിപ്ത മണ്ഡലിന് സഹായം നൽകിയത്. പാലാരിവട്ടത്തെ ഓസ്റ്റിയോൺ ഓർത്തോപീഡിക്സ് എന്ന സ്ഥാപനമാണ് സൗജന്യമായി കൃത്രിമ കൈകൾ നിർമ്മിച്ചു നൽകിയത്. കളക്ടറുടെ ചേംബറിൽ നടന്ന കൈമാറ്റ ചടങ്ങിൽ നഷ്ടപ്പെട്ട തങ്ങളുടെ ശരീരഭാഗം തിരികെ ലഭിച്ച സന്തോഷത്തിലായിരുന്നു ഇരുവരും.

ജില്ലാ കളക്ടർ ജി. പ്രിയങ്ക ഇരുവർക്കും കൃത്രിമ കൈകൾ കൈമാറി. അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ആസ്റ്റർ ഡി.എം ഫൌണ്ടേഷൻ എ.ജി.എം. ലത്തീഫ് കാസിം, റോട്ടറി ക്ലബ്‌ ഭാരവാഹികളായ ഗോപകുമാർ, കെ.കെ.ജോർജ്,പീസ് വാലി അദ്ധ്യക്ഷൻ പി.എം. അബൂബക്കർ, ഉപാദ്ധ്യക്ഷൻ രാജീവ്‌ പള്ളുരുത്തി, കെ.എം. യൂസഫ് എന്നിവർ പങ്കെടുത്തു.