ഈ പുരസ്കാരം അമ്മയ്ക്ക്, ഏവർക്കും നന്ദി: ശാരദ

Saturday 17 January 2026 12:00 AM IST

തിരുവനന്തപുരം: ജെ.സി.ഡാനിയേൽ പുരസ്കാരം കേരളത്തിന്റെ സ്നേഹാദരവായി കാണുന്നുവെന്നും ഈ ബഹുമതി തന്നെ സിനിമയിൽ അഭിനയിക്കാൻ പ്രോത്സാഹിപ്പിച്ച അമ്മ സത്യവതി ദേവിക്കു സമർപ്പിക്കുന്നുവെന്നും നടി ശാരദ പറഞ്ഞു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ പുരസ്കാര വാർത്ത കേരളകൗമുദിയിലൂടെ അറിഞ്ഞശേഷം സംസാരിക്കുകയായിരുന്നു അവർ. ഈ അവാർഡ് തന്ന കേരളത്തിനും എന്നെ ഇഷ്ടപ്പെട്ട പ്രേക്ഷകർക്കും മുഖ്യമന്ത്രിക്കും നന്ദി. ചെന്നൈയിൽ നിന്ന് ടെലഫോണിൽ സംസാരിക്കവെ അവർ പറഞ്ഞു.

' ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലാണ്. പുറത്തിറങ്ങിയിട്ട് കുറെക്കാലമായി. ഞാൻ അഭിനയിക്കുന്നതിനോട് അച്ഛൻ വെങ്കിടേശ്വരലുവിനു താത്പര്യമില്ലായിരുന്നു. എന്നാൽ അമ്മ എന്നെ നിർബന്ധിച്ച് സംഗീതം പഠിപ്പിച്ചു. സിനിമയിൽ അഭിനയിപ്പിച്ചു. മോൾ നന്നായി അഭിനയിക്കുന്നുവെന്ന് അമ്മ പറഞ്ഞതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം. ഞാൻ ആദ്യമായി ഇണപ്രാവുകൾ എന്ന മലയാള സിനിമയിൽ അഭിനയിച്ചത് ചാക്കോച്ചന്റെ (കുഞ്ചാക്കോ) ഉദയാ സ്റ്റുഡിയോയിലാണ്. സത്യനും പ്രേം നസീറും ഉണ്ടായിരുന്നു. ഉദയയുടെ 10 സിനിമകളിൽ അഭിനയിച്ചു. ചാക്കോച്ചനേയും സത്യനേയും നസീറിനേയും മധുവിനേയുമൊന്നും മറക്കാനാവില്ല. എനിക്ക് ലഭിച്ച മൂന്ന് ദേശീയ അവാർഡുകളിൽ രണ്ടും മലയാളത്തിൽ നിന്നാണ് (തുലാഭാരം, സ്വയംവരം). മൂന്നാമത്തേത് തെലുങ്കിൽ നിന്നും (നിമജ്ജനം). ഞാനൊന്നും മറക്കാറില്ല. മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിച്ചത് ഭാഗ്യമാണ്." ശാരദ പറഞ്ഞു.

അറുപതുകൾ മുതൽ രണ്ടു പതിറ്റാണ്ടുകൾ മലയാള സിനിമയെ ശാരദ അനശ്വരമാക്കി. സരസ്വതി ദേവിയെന്നാണ് ശാരദയുടെ യഥാർത്ഥ പേര്. ഇരുമിത്രലു എന്ന ആദ്യ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുമ്പോൾ ശാരദ എന്ന പേര് സ്വീകരിക്കുകയായിരുന്നു. നാട്ടിലെ പ്രശസ്ത ക്ഷേത്രത്തിലെ ദേവിയുടെ പേരും സരസ്വതി എന്നാണ്. ആ നാട് ഇപ്പോൾ അറിയപ്പെടുന്നത് ശാരദയുടെ പേരിലാണ്. ഇതിലും വലിയ സന്തോഷം വേറെ എന്തെന്നും ശാരദ പറഞ്ഞു.