മന്ത്രിയുടെ മനസലിഞ്ഞു, സിയയുടെ മത്സരം ഓൺലൈനായി
ചെറുവത്തൂർ: അറബിക് പോസ്റ്റർ ഡിസൈനിംഗിൽ പങ്കെടുക്കാനുള്ള 'വാസ്കുലൈറ്റിസ്' എന്ന ഗുരുതര രോഗവുമായി മല്ലിടുന്ന പടന്ന എം.ആർ.വി.എച്ച്.എ.എസിലെ മിടുക്കിയായ വിദ്യാർത്ഥിനി സിയ ഫാത്തിമയുടെ അപേക്ഷയിലെ സങ്കടം മന്ത്രി വി.ശിവൻകുട്ടിയുടെ ഉള്ള് തൊട്ടതോടെ ഓൺലൈനായി മത്സരിക്കാൻ അവസരം തുറന്നുകിട്ടി. വേദനയെ തോൽപ്പിക്കുന്ന നിശ്ചയദാർഢ്യം എന്നാണ് സിയ ഫാത്തിമയുടെ അപേക്ഷയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം. യാത്ര ചെയ്യുന്നതിന് ഡോക്ടർമാരുടെ കർശന വിലക്കുള്ളതിനാൽ, വേദിയിലെത്താൻ സിയക്ക് സാധിക്കില്ല. ഇന്ന് രാവിലെ 11 മണിക്ക് സി.എം.എസ്.എച്ച്.എസ്.എസിലെ വേദി പതിനേഴിൽ അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ സിയ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും. മൂല്യനിർണയവും ഓൺലൈനിൽ.
രോഗ പീഡകൾക്കിടയിലും കലയെ നെഞ്ചോട് ചേർക്കുന്ന സിയ ഫാത്തിമയുടെ അതിജീവന പോരാട്ടത്തിന് ഇതൊരു കൈത്താങ്ങാകുമെന്ന് പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.സി സുബൈദ പറഞ്ഞു. പി. മുനീറിന്റെയും എൽ.കെ സാറുവിന്റെയും മകളാണ്.