കോന്നി മെഡിക്കൽ കോളേജ്: 50 കോടിയുടെ 5 പദ്ധതികൾ ഇന്ന് നാടിന് സമർപ്പിക്കും

Saturday 17 January 2026 12:32 AM IST

കോന്നി മെഡിക്കൽ കോളേജിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കെട്ടിടങ്ങൾ

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ 50 കോടി രൂപയുടെ അഞ്ച് പദ്ധതികൾ ഇന്ന് നാടിന് സമർപ്പിക്കും. കിഫ്ബി മുഖാന്തിരം 22.80 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച അക്കാഡമിക് ബ്ലോക്ക് ഫേസ് 2 ആൻ‌ഡ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, 16.25 കോടി ചെലവഴിച്ച് നിർമ്മിച്ച 40 അപ്പാർട്ട്‌മെന്റുകളുള്ള ടൈപ്പ് ഡി ക്വാർട്ടേഴ്‌സ്, 9.10 കോടി ചെലവഴിച്ച 40 അപ്പാർട്ട്‌മെന്റുകളുള്ള ടൈപ്പ് ബി ക്വാർട്ടേഴ്‌സ്, 1.05 കോടി ചെലവഴിച്ച് 2 നിലകളിലായി നിർമ്മിച്ച ഡീൻ വില്ല, 84 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച 17 കിടക്കകളോട് കൂടിയ മെഡിക്കൽ ഐ.സി.യു തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനമാണ് ഇന്ന് രാവിലെ 11ന് മന്ത്രി വീണാ ജോർജ് നിർവഹിക്കുക. കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷനാകും.

കിഫ്ബിയിൽ ഉൾപ്പെടുത്തി 351.72 കോടി രൂപയുടെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളാണ് കോന്നി മെഡിക്കൽ കോളേജിൽ നടക്കുന്നത്. ടൈപ്പ് എ, സി ക്വാർട്ടേഴ്‌സുകൾ, ഹോസ്പിറ്റൽ ബ്ലോക്ക് 2, ഓഡിറ്റോറിയം തുടങ്ങിയവയുടെ നിർമ്മാണം പുരോഗമിക്കുന്നു.

വിപുലമായ വികസനം

 അത്യാഹിത വിഭാഗത്തിൽ ഓക്‌സിജൻ സപ്പോർട്ടോടെ 30 കിടക്കകൾ

 ഇവിടെ മൈനർ ഓപ്പറേഷൻ തീയേറ്റർ സംവിധാനം

 കോളേജിന് ബസ് അനുവദിച്ചു

 16.68 ലക്ഷം ചെലവഴിച്ച് പീഡിയാട്രിക് ഐ.സി.യു

 ലക്ഷ്യ പദ്ധതിയിൽ 3.5 കോടിയുടെ ലേബർ റൂം

 പത്തനംതിട്ടയിൽ 60 സീറ്റോട് കൂടി നഴ്‌സിംഗ് കോളേജ്

 2.74 കോടി ചെലവിൽ ബ്ലഡ് ബാങ്ക്

 5 കോടി മുടക്കി ജില്ലയിലെ ആദ്യത്തെ അത്യാധുനിക 128 സ്ലൈസ് സി.ടി സ്‌കാൻ

 13.66 കോടി ചെലവഴിച്ച് ഗേൾസ് ഹോസ്റ്റൽ, 11.99 കോടി ചെലവഴിച്ച് ബോയ്‌സ് ഹോസ്റ്റൽ

 പുതുതായി 38 തസ്തികകൾ

 ശബരിമല മകരവിളക്ക് ഉത്സവകാലത്ത് കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയാക്കി

മെഡിക്കൽ ബാച്ചുകൾ-4

വിദ്യാർത്ഥികൾ-400