ശ്രീചിത്ര കാർഡിയോളജി വിഭാഗം സുവർണജൂബിലി ആഘോഷം ഇന്ന്

Saturday 17 January 2026 12:42 AM IST

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ (എസ്‌.സി.ടി.ഐ.എം.എസ്‌.ടി) കാർഡിയോളജി വിഭാഗത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഇന്ന് നടക്കും. വൈകിട്ട് 5 മുതൽ എ.എം.സി ഓഡിറ്റോറിയത്തിലാണ് പരിപാടികൾ.

ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി ഉദ്ഘാടനം ചെയ്യും. മുൻ ഡയറക്ടർമാരായ ഡോ. അജിത് കുമാർ.വി.കെ, ഡോ. ജഗൻ മോഹൻ തരകൻ, കാർഡിയോളജി വിഭാഗം മുൻമേധാവി ഡോ. കെ.ജി.ബാലകൃഷ്ണൻ, കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ. കെ.കെ.നാരായണൻ നമ്പൂതിരി, കാർഡിയോളജി വിഭാഗത്തിലെ സീനിയർ പ്രൊഫസറും മുൻ മേധാവിയുമായ ഡോ. കെ.എം.കൃഷ്ണമൂർത്തി, കാർഡിയോളജി മേധാവി ഡോ. എസ്.ഹരികൃഷ്ണൻ എന്നിവർ സംസാരിക്കും.

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്ണൻ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അഭയ് കരണ്ടികർ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവി സുനിൽ കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും. അഞ്ചു പതിറ്റാണ്ടായി കാർഡിയോളജി രംഗത്ത് കൈവരിച്ച നേട്ടങ്ങളും ഇന്ത്യയിലെ ആധുനിക ഹൃദ്രോഗ ചികിത്സയുടെ വളർച്ചയിൽ നൽകിയ നിർണായക സംഭാവനകളും വിശദീകരിക്കുന്ന ചടങ്ങിൽ മുൻ ഡയറക്ടർമാർ, സീനിയർ അദ്ധ്യാപകർ, പൂർവവിദ്യാർത്ഥികൾ, ശാസ്ത്ര- നയനിർമ്മാണ രംഗങ്ങളിലെ പ്രമുഖർ എന്നിവർ പങ്കെടുക്കും.

ആഘോഷങ്ങളുടെ ഭാഗമായി സുവർണ ജൂബിലി അലൂമ്നി അവാർഡുകളും തീസിസ് അവാർഡുകളും വിതരണം ചെയ്യും. ‘ഡൗൺ ദ മെമ്മറി ലെയിൻ’ എന്ന പ്രത്യേക അവതരണത്തിലൂടെ കാർഡിയോളജി വിഭാഗത്തിന്റെ അഞ്ചു പതിറ്റാണ്ടുകളുടെ യാത്രയും പ്രധാന നേട്ടങ്ങളും ഓർമ്മപ്പെടുത്തും.