ലെറ്റ്സ് ഓപ്പൺ, ഓസ്ട്രേലിയ
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന് നാളെ തുടക്കം
മെൽബൺ : സീസണിലെ ആദ്യ ഗ്രാൻസ്ളാം ടെന്നിസ് ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണിന് മെൽബണിൽ നാളെ തിരിതെളിയും.ടൂർണമെന്റിന്റെ 114-ാം എഡിഷനാണിത്. ഓപ്പൺ കാലഘട്ടത്തിലെ 58-ാമത് എഡിഷനും. പുരുഷ വിഭാഗത്തിൽ ഇറ്റാലിയൻ താരം യാന്നിക്ക് സിന്നറും വനിതാ വിഭാഗത്തിൽ അമേരിക്കൻ താരം മാഡിസൺ കെയ്സുമാണ് നിലവിലെ ചാമ്പ്യന്മാർ. കഴിഞ്ഞ വർഷം ഫൈനലിൽ അലക്സിസ് സ്വരേവിനെ തോൽപ്പിച്ചാണ് സിന്നർ ജേതാവായത്. അര്യാന സബലേങ്കയെയാണ് മാഡിസൺ കെയ്സ് ഫൈനലിൽ തോൽപ്പിച്ചിരുന്നത്.
സിന്നർ, കാർലോസ് അൽക്കാരസ്, നൊവാക്ക് ജോക്കോവിച്ച്, സ്വരേവ്, ബരേറ്റിനി,കാസ്പെർ റൂഡ് തുടങ്ങിയ മുൻനിര താരങ്ങൾ പുരുഷ വിഭാഗത്തിലും അര്യാന സബലേങ്ക, മാർട്ടിൻ കെയ്സ്, ഇഗ ഷ്വാം ടെക്ക്, യാസ്മൈൻ പാവോലിനി, വാൻഡ്രൂസോവ, കരോളിൻ മുച്ചോവ,സ്വിറ്റോളിന,ജസീക്ക പെഗ്വുല,കരോളിൻ പ്ളിസ്കോവ, അമാനൻഡ അനിസിമോവ, നവോമി ഒസാക്ക തുടങ്ങിയവർ വനിതാ വിഭാഗത്തിലും അണിനിരക്കും.
ജനുവരി 31നാണ് വനിതാ ഫൈനൽ.
ഫെബ്രുവരി ഒന്നിന് പുരുഷ ഫൈനൽ.
ഇന്ത്യൻ സാന്നിദ്ധ്യം
പുരുഷ -വനിതാ സിംഗിൾസുകളിൽ ഇക്കുറി ഇന്ത്യൻ താരങ്ങളില്ല. പുരുഷ ഡബിൾസിൽ യുകി ബാംബ്രി ആന്ദ്രേ ഗൊരാൻസണിനൊപ്പം മത്സരിക്കുന്നു. നിക്കി കല്യാനന്ദ ഡബിൾസിൽ തായ്‌ലാൻഡ് താരത്തിനൊപ്പം മത്സരിക്കാൻ വൈൽഡ് കാർഡ് എൻട്രി നേടിയിട്ടുണ്ട്.
റെക്കാഡ് പ്രൈസ് മണി
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന് ഇത്തവണ റെക്കോർഡ് പ്രൈസ്മണി. കഴിഞ്ഞ വർഷത്തെക്കാൾ 16% വർധനയോടെ പുതിയ സമ്മാനത്തുക സംഘാടകർ പ്രഖ്യാപിച്ചു. ആകെ 7.5 കോടി യു.എസ് ഡോളറാണ് (ഏകദേശം 676 കോടി രൂപ) സമ്മാനത്തുക.
പുരുഷ –വനിതാ സിംഗിൾസ് ചാംപ്യന്മാർക്ക് ഇത്തവണ 28 ലക്ഷം യുഎസ് ഡോളർ (25.24 കോടി രൂപ) സമ്മാനമായി ലഭിക്കും. കഴിഞ്ഞ വർഷത്തേക്കാൾ 19% വർധന. പുരുഷ – വനിതാ താരങ്ങൾക്കു തുല്യമായ പാരിതോഷികം കഴിഞ്ഞ വർഷംമുതൽ ഓസ്ട്രേലിയൻ ഓപ്പണിൽ നടപ്പാക്കിയിരുന്നു.
45-ാം വയസിൽ വീനസ്
നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കൻ വനിതാ താരം വീനസ് വില്യംസ് തന്റെ 45-ാം വയസിൽ വീണ്ടും ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാനിറങ്ങുന്നു. സംഘാടകർ വൈൽഡ് കാർഡ് നൽകിയാണ് മുൻ ലോക ഒന്നാം നമ്പർ താരമായ വീനസിനെ ക്ഷണിച്ചിരിക്കുന്നത്. ഇ തോടെ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കുന്ന ഏറ്റവും പ്രായമേറിയ വനിതാ താരമെന്ന റെക്കാഡും വീനസിനെ തേടിയെത്തും.
44-ാം വയസിൽ ഇവിടെ കളിക്കാനിറങ്ങിയ ജാപ്പനീസ് താരം കിമിക്കോ ഡേറ്റിന്റെ റെക്കാഡാകും വീനസ് മറികടക്കുക. കഴിഞ്ഞ വർഷത്തെ യു.എസ് ഓപ്പണിലും വീനസിന് വൈൽഡ് കാർഡ് ലഭിച്ചിരുന്നെങ്കിലും ആദ്യറൗണ്ടിൽ തന്നെ കരോളിൻ മുച്ചോവയോട് തോറ്റുപുറത്തായിരുന്നു.
കഴിഞ്ഞമാസമാണ് വീനസും ഇറ്റാലിയൻ മോഡലും നടനുമായ ആന്ദ്രിയ പ്രെറ്റിയുമായുള്ള വിവാഹം കഴിഞ്ഞത്.
1998ലാണ് വീനസ് വില്യംസ് ആദ്യായി ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനിറങ്ങിയത്. രണ്ടാം റൗണ്ടിൽ സഹോദരി സെറീന വില്യംസിനെ തോൽപ്പിച്ചെങ്കിലും ക്വാർട്ടറിൽ ലിൻഡ്സേ ഡെവൺപോർട്ടിനോട് തോറ്റുപുറത്തായി.
2003ലും 2017ലും ഇവിടെ ഫൈനലിലെത്തിയെങ്കിലും സെറീനയോട് തോറ്റ് റണ്ണർ അപ്പാകേണ്ടിവന്നു.
75 മത്സരങ്ങൾ ഓസ്ട്രേലിയൻ ഓപ്പണിൽ കളിച്ചതിൽ 54 വിജയങ്ങൾ. 21 തോൽവികൾ.
21 തവണ ഓസ്ട്രേലിയൻ ഓപ്പണിൽ കളിച്ച വീനസ് 2021ലാണ് ഇവിടെ അവസാനമായി കളിക്കാനിറങ്ങിയത്. അന്ന് രണ്ടാം റൗണ്ടിൽ പുറത്തായി.
7 ഗ്രാൻസ്ളാം സിംഗിൾസ് കിരീടങ്ങൾക്ക് ഉടമയാണ് വീനസ്. അഞ്ചു വിംബിൾഡൺ കിരീടങ്ങളും രണ്ട് യു.എസ് ഓപ്പണും.