കൊട്ടാരക്കരയിൽ ഐടി വിപ്ലവം, കമ്മ്യൂൺ റെഡി;അഞ്ചുലക്ഷം തൊഴിൽ
മുഖ്യമന്ത്രി 19ന് ഉദ്ഘാടനം ചെയ്യും
കൊട്ടാരക്കര: ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം വീടിനടുത്ത് ലോകോത്തര നിലവാരത്തിലുള്ള തൊഴിലിടങ്ങൾ ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ 'വർക്ക് നിയർ ഹോം' പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് കൊട്ടാരക്കരയിൽ തുടക്കമാകുന്നു. പദ്ധതിയുടെ ഭാഗമായുള്ള കേരളത്തിലെ ആദ്യ പൈലറ്റ് കേന്ദ്രം 'കമ്മ്യൂൺ' 19ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ.ബി.ഗണേഷ്‌കുമാർ, ജെ.ചിഞ്ചുറാണി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. അഞ്ചു ലക്ഷത്തോളം പേർക്ക് തൊഴിൽ സാഹചര്യങ്ങളും അൻപതിനായിരത്തോളം പേർക്ക് നേരിട്ടുള്ള തൊഴിൽ അവസരങ്ങളും ലക്ഷ്യമിട്ടാണ് ഈ ബൃഹത് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഐ.ടി പാർക്കിന് സമാനമായ സൗകര്യങ്ങൾ
- കൊട്ടാരക്കര ബി.എസ്.എൻ.എൽ. മെയിൻ ബിൽഡിംഗിലാണ് ഈ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.
- 141 പ്രൊഫഷണൽ വർക്ക് സ്പേസുകളാണ് ഇവിടെയുള്ളത്.
- ചെറുകിട നഗരങ്ങളിൽ 'പ്ലഗ് ആൻഡ് പ്ലേ' മാതൃകയിൽ ഒരുക്കിയ ഈ വർക്ക് സ്റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ്, എയർകണ്ടീഷൻ ചെയ്ത കാബിനുകൾ, മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് ഹാൾ, കഫ്റ്റീരിയ എന്നിവയടക്കം ഒരു ഐ.ടി പാർക്കിന് സമാനമായ അന്തരീക്ഷം ഉറപ്പാക്കിയിട്ടുണ്ട്.
പ്രൊഫഷണലുകൾക്കും വനിതകൾക്കും വലിയ ആശ്വാസം
റിമോട്ട് ജീവനക്കാർ, ഫ്രീലാൻസർമാർ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് പുറമെ കുടുംബ ഉത്തരവാദിത്വങ്ങൾ മൂലം ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതാ പ്രൊഫഷണലുകൾക്കും സുരക്ഷിതമായ തൊഴിലിടം ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു. പ്രവാസം, ദീർഘദൂര യാത്രകൾ, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിന്റെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. പഠനത്തോടൊപ്പം ജോലി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ഇത് പ്രയോജനപ്പെടും.
ആഗോള സ്കിൽ ഹബ്ബായി കേരളം
കേരളത്തെ ഒരു ആഗോള സ്കിൽ ഡെവലപ്‌മെന്റ് ഹബ്ബാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആദ്യ ഘട്ടത്തിൽ കൊട്ടാരക്കര കൂടാതെ കളമശ്ശേരി, രാമനാട്ടുകര, തളിപ്പറമ്പ്, പെരിന്തൽമണ്ണ തുടങ്ങി പത്തു കേന്ദ്രങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സംരംഭകർക്കും കിഫ്ബി വഴി പലിശരഹിത വായ്പ ലഭ്യമാക്കി പദ്ധതി സംസ്ഥാന വ്യാപകമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.
ലേണിംഗ് ഫെസ്റ്റിവൽ
ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 18 മുതൽ 24 വരെ വിപുലമായ ലേണിംഗ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. കഴിവും പ്രാഗത്ഭ്യവുമുള്ള പ്രൊഫഷണലുകളെ അവരുടെ നാട്ടിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരാനും പ്രാദേശികമായി തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാനുമുള്ള നിർണ്ണായക ചുവടുവെപ്പായി ഈ പദ്ധതി മാറുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
പ്രാദേശിക തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുക, കഴിവുള്ള പ്രൊഫഷണലുകളെ അവരുടെ നാട്ടിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരിക, കേരളത്തെ ഒരു ആഗോള സ്കിൽ ഡെവലപ്‌മെന്റ് ഹബ്ബാക്കി ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ പ്രവാസം, ദീർഘദൂര യാത്രകൾ, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിന്റെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും. — കെ.എൻ. ബാലഗോപാൽ (ധനകാര്യ മന്ത്രി)