കലോത്സവ ഓർമ്മകളിൽ മന്ത്രി ബിന്ദു
Saturday 17 January 2026 12:13 AM IST
തൃശൂർ: കലോത്സവ വേദിയിലെത്തിയ മന്ത്രി ആർ.ബിന്ദുവിന് അത് ബാല്യകാല ഓർമ്മകളിലേക്കുള്ള തിരിച്ചുപോക്കായിരുന്നു. ഒരിക്കൽ വിദ്യാർത്ഥിനിയായി സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിലുണ്ടായിരുന്ന മന്ത്രി, സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ രക്ഷാധികാരിയാണ്. കഥകളിമത്സരം കാണാനായാണ് മന്ത്രി നിത്യകല്യാണി വേദിയിലെത്തിയത്. വേദിയിൽ വേഷമിട്ട് കഥകളി അവതരിപ്പിക്കുന്ന കുട്ടികളെ കാണുമ്പോൾ, അത് ഒരു ദൃശ്യാനുഭവം മാത്രമല്ല, സ്വന്തം കലോത്സവ ദിനങ്ങളിലേക്കുള്ള ഒരു ഓർമ്മ കൂടിയായി മാറുകയായിരുന്നുവെന്ന് മന്ത്രി പറയുന്നു. എല്ലാ വിദ്യാർത്ഥികളും മികച്ച രീതിയിൽ മത്സരങ്ങൾ അവതരിപ്പിക്കുന്നുണ്ട്. അനുഷ്ഠാന കലകളെ തെരഞ്ഞെടുക്കുന്ന കുട്ടികൾ അഭിനന്ദനാർഹരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.