മിന്നും ഓർമ്മകളിൽ ബിഗ് ഫാദർ, ഭരതനാട്യത്തിൽ മിന്നി മകൾ
തൃശൂർ: കലയ്ക്ക് പൊക്കം ഒരു പ്രശ്‌നമല്ലെന്ന് വർഷങ്ങൾക്ക് മുമ്പ് തെളിയിച്ച് ഉയരങ്ങൾ കീഴടക്കിയ തിരുവനന്തപുരം സ്വദേശി പ്രകാശ് പേട്ട ഇത്തവണ തൃശൂരിലെ കലോത്സവത്തിനെത്തി. സ്വന്തം മകളെയും കൊണ്ട്, മത്സരിക്കാൻ. കലോത്സവങ്ങളിൽ മിമിക്രിയിലും മോണോ ആക്ടിലും ഭരതനാട്യത്തിലുമൊക്കെ വർഷങ്ങളോളം ഒന്നാം സ്ഥാനം നേടിയത് ആ അച്ഛന് ഓർമ്മ വന്നു.
സബ്ജില്ലാ, ജില്ലാ, സംസ്ഥാന കലാമത്സരങ്ങളിലെ മാറ്റി നിറുത്താനാകാത്ത മിമിക്രിക്കാരനായിരുന്നു പ്രകാശ് പേട്ട. മൂന്നേമുക്കാൽ അടി ഉയരം. പക്ഷേ സംസ്ഥാന കലോത്സവത്തിലെ നേട്ടങ്ങളുടെ ഉയരം അതിലേറെ. 1994 മുതൽ 2000 വരെ തുടർച്ചയായി കലോത്സവങ്ങളിലെ മിന്നും താരമായിരുന്നു. ഭരതനാട്യം, നാടോടി നൃത്തം എന്നിവയിലും തുടർച്ചയായി മൂന്നുവർഷം സംസ്ഥാന കലോത്സവങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കലോത്സവ വിജയത്തിന് ശേഷം വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപിലും ജയറാം നായകനായ ഗ്രാൻഡ് ഫാദർ സിനിമയിലും അഭിനയിച്ചു. മകൾ പൂജാ ദശമിയുടെ ഭരതനാട്യത്തിന് എ ഗ്രേഡ് നേടിയായിരുന്നു മടക്കം. കേരള നടനത്തിലും മകൾ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം കേരള നടനത്തിനും എ ഗ്രേഡ് നേടി. അപ്പീലുമായാണ് പൂജ മത്സരത്തിനെത്തിയത്. അപ്പീലുകളടക്കം 19 പേരാണ് ഭരതനാട്യം അവതരിപ്പിച്ചത്. ഇതിൽ 17 പേർക്ക് എ ഗ്രേഡ് ലഭിച്ചു. രണ്ട് പേർക്ക് ബി ഗ്രേഡാണ്.