ചാത്തന്നൂരിൽ സംയുക്ത സമരസമിതി സമരം ശക്തമാക്കുന്നു
ചാത്തന്നൂർ: ചാത്തന്നൂരിൽ സംയുക്ത സമരസമിതി സമരം ജനകീയ പ്രതിഷേധം കൊണ്ട് ശക്തിപ്പെടുന്നു. സാംസ്കാരിക പ്രവർത്തകർ പ്രതിഷേധ ജ്വാല തെളിയിച്ച് സമരത്തിൽ പങ്കാളിയായി. സാഹിത്യകാരനും കവിയുമായ അടുതല ജയപ്രകാശ് ജ്വാല തെളിച്ചു. ദേശീയപാതയിൽ തിരുമുക്ക് മുതൽ ശീമാട്ടി ജംഗ്ഷൻ വരെയുള്ള പ്രദേശങ്ങളിൽ മണ്ണിട്ട് നികത്തിയ ഉയരപ്പാതകൾക്ക് പകരം സുരക്ഷിതമായ തൂണുകളിൽ എലിവേറ്റഡ് പാതകൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി കൺവീനർ കെ.കെ.നിസാർ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശശിധരൻ,എൻ. അനിൽകുമാർ,ചാക്കോ ജോൺ,സുനീഷ്കുമാർ സന്തോഷ്.ടി.എസ് തുടങ്ങിയവർ സംസാരിച്ചു. ഇന്ന് വൈകിട്ട് 6ന് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാദേവി പ്രതിഷേധ ജ്വാല തെളിക്കും.