യുവാവിനെ പിതാവും സഹോദരനും ചേർന്ന് തലയ്ക്കടിച്ചു കൊന്നു
ശാസ്താംകോട്ട: മാനസിക ദൗർബല്യമുളള യുവാവിനെ പിതാവും സഹോദരനും ചേർന്ന് കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. മൈനാഗപ്പള്ളി പഞ്ചായത്തിലെ തെക്കൻ മൈനാഗപ്പള്ളി മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷാണ് (35) കൊല്ലപ്പെട്ടത്. രാമകൃഷ്ണനെയും (62) സന്തോഷിന്റെ ജ്യേഷ്ഠ സഹോദരൻ സനലിനെയും (38) ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഉത്സവം നടക്കുന്ന മണ്ണൂർക്കാവ് ക്ഷേത്ര ഗ്രൗണ്ടിൽ രാത്രിയിൽ സന്തോഷ് ഉണ്ടായിരുന്നു. ഓച്ചിറയിൽ താമസിക്കുന്ന സഹോദരി സൗമ്യ രാത്രിയിൽ അച്ഛനെ ഫോണിൽ വിളിച്ചങ്കിലും എടുത്തില്ല. തുടർന്ന് സമീപവാസിയോട് വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ എത്തി നോക്കിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. പിതാവ് രാമകൃഷ്ണൻ ഇന്നലെ രാവിലെ 5.30 ഓടെ വാർഡ് മെമ്പറും മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിസഡന്റുമായ കെ.പി. വേണുഗോപാലിനെ വിവരം അറിയിച്ചതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സംഭവം നടക്കുമ്പോൾ ഇവർ മൂന്ന് പേർ മാത്രമേ വീട്ടിൽ ഉണ്ടായിരിന്നുള്ളു. മാതാവ് 4 വർഷം മുമ്പ് മരിച്ചു. സന്തോഷ് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവത്രേ. ശല്യം സഹിക്ക വയ്യാതെയാണ് കൊലപാതകം നടത്തിയതെന്ന് പിതാവും സഹോദരനും പൊലീസിനോടു പറഞ്ഞു. സനലും സന്തോഷും തമ്മിൽ അടിപിടി ഉണ്ടായതിനിടെയാണ് കൊലപാതകം നടന്നത്. കട്ടിലിൽ പിടിച്ചുകിടത്തി കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു. തല പൊട്ടി രക്തം വാർന്നു. തലയ്ക്കേറ്റ മാരകമായ മുറിവാണ് മരണകാരണം. ഉച്ചയോടെ മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡി. ആശുപത്രിയിലേക്കു മാറ്റി. വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി. കൊല്ലം റൂറൽ എസ്.പി വിഷ്ണു പ്രദീപ് സ്ഥലം സന്ദർശിച്ചു.