കൊന്നു കി​ടത്തി​യ മകന് കാവലി​രുന്നത് 9 മണി​ക്കൂർ

Saturday 17 January 2026 12:54 AM IST

കുന്നത്തൂർ: തെക്കൻ മൈനാഗപ്പള്ളി മാലിത്തറ ഉന്നതി ഇന്നലെ ഉറക്കമുണർന്നത് അരുംകൊലയുടെ ഞെട്ടലിൽ. മാനസിക വിഷയമുള്ള മകനെ പിതാവും സഹോദരനും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ വാർത്ത ആദ്യം വിശ്വസിക്കാൻ നാടിനായില്ല.

രണ്ടാഴ്ച മുമ്പാണ് തിരുവനന്തപുരം ഊളൻപാറയിലെ മാനസികരോഗ ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് സന്തോഷ് (35) മടങ്ങി വന്നത്. കൊലപാതകം നടന്ന രാത്രി​ പുലരുവോളം മൃതദേഹത്തിന് കാവലിരുന്ന ശേഷം പിതാവ് രാമകൃഷ്ണൻ ഇന്നലെരാവിലെ 5.30ഓടെ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.പി വേണുഗോപാലിനോട് 'ഞാൻ മകനെ തലയ്ക്കടിച്ച് കൊന്നു' എന്നു പറഞ്ഞു. ആദ്യം വിശ്വസിക്കായി​ല്ല. തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോൾ കട്ടിലിൽ മൃതദേഹം കാണുകയും അയൽവാസികളെയും പൊലീസിനെയും അറിയിക്കുകയുമായിരുന്നു. പ്രതികളായ പിതാവും സഹോദരനും മൃതദേഹത്തിന് കാവലിരുന്നത് ഒൻപത് മണിക്കൂർ.

20 വർഷം മുമ്പാണ് കരുനാഗപ്പളളി സ്വദേശികളായ രാമകൃഷ്ണനും കുടുംബവും മാലീത്തറ ഉന്നതിയിൽ താമസത്തിന് എത്തുന്നത്. 5 വർഷം മുമ്പ് മാതാവ് സുശീല മരി​ച്ചു. ഇതിനു ശേഷം രാമകൃഷ്ണനും സന്തോഷും സനലുമാണ് വീട്ടിലുണ്ടായി​രുന്നത്. മക്കൾ അവിവാഹിതരാണ്. മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന സന്തോഷ് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഉപദ്രവിക്കുകയും വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. പുറത്തുപോയി​ അടി​പി​ടി​ ഉണ്ടാക്കുന്നതും പതി​വായി​രുന്നു. അടുത്തിടെ കരുനാഗപള്ളിയിലെ ഒരു കടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.