ബോട്ട് ആലപ്പുഴയ്ക്ക് പോയിട്ട് ഒരു വർഷം... സാമ്പ്രാണിക്കോടി ഫെറി ബോട്ട് സർവീസ്: 'സാ' മട്ടി​ൽ വകുപ്പ്!

Saturday 17 January 2026 1:05 AM IST

കൊല്ലം: അറ്റകുറ്റപ്പണിക്കായി ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ യാർഡിലേക്ക് കൊണ്ടുപോയ, സാമ്പ്രാണിക്കോടി ഫെറി സർവീസ് ബോട്ട് ഒരു വർഷം കഴി​ഞ്ഞി​ട്ടും അവി​ടെത്തന്നെ. ബൈപ്പാസിൽ കുരീപ്പുഴ- കാവനാട് പാലം വന്നതോടെ ബോട്ടിന്റെ വരുമാനത്തിൽ കാര്യമായ നഷ്ടമുണ്ടായി​. ഇതോടെയാണ് ബോട്ട് തി​രി​ച്ചെത്തി​ക്കുന്നതി​ൽ അധി​കൃതർക്ക് താത്പര്യമി​ല്ലാതായത്. എന്നാൽ സാമ്പ്രാണിക്കൊടി ഭാഗത്തുള്ളവർ പൂർണമായും ആശ്രയിച്ചിരുന്നത് ഈ സർവ്വീസിനെയാണ്. നിലവിൽ സ്വകാര്യ വള്ളങ്ങൾ മാത്രമാണ് അവരുടെ ആശ്രയം.

24 ട്രിപ്പുകളുള്ള ബോട്ടിന്റെ സർവീസുകളിൽ 12 എണ്ണം കുരീപ്പുഴ- കാവനാട് മേഖലയിൽ മാത്രമാണ്. ഇതേഭാഗത്ത് തന്നെയാണ് പാലവും. പാലം വന്നതോടെ യാത്രക്കാർ കുറഞ്ഞു. വരുമാന നഷ്ടത്തിനൊപ്പം അനാവശ്യ ഇന്ധന ചെലവും ജലഗതാഗത വകുപ്പ് വി​ലയി​രുത്തി​. ഇതോടെ സാമ്പ്രാണി​ക്കോടി​ ഭാഗത്തുള്ളവർ രണ്ട് കിലോമീറ്ററോളം നടന്ന് പ്രാക്കുളത്ത് വന്ന് അവിടെ നിന്ന് അഞ്ചാലുംമ്മൂട് എത്തിയ ശേഷം കൊല്ലം, കരുനാഗപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ്. പാലം പൂർത്തിയായത് മുതൽ സമയക്രമം പുനഃക്രമീകരിക്കണമെന്നും സാമ്പ്രാണിക്കോടി ഭാഗത്തേക്കുള്ള ട്രിപ്പുകളുടെ എണ്ണം കൂട്ടണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടി​രുന്നെങ്കി​ലും അധി​കൃതർ പരി​ഗണി​ക്കുന്നി​ല്ല.

ഫെറി സർവ്വീസ് പുന:സ്ഥാപിക്കുന്നതിന് പകരം കൊല്ലത്ത് നിന്ന് സാമ്പ്രാണിക്കൊടിക്ക് പുതിയ ടൂറിസ്റ്റ് സർവ്വീസ് ആരംഭിക്കാനുള്ള നീക്കത്തിലാണ് ജലഗതാഗത വകുപ്പ്. അതേസമയം ഫെറി​ സർവ്വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജലഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.

ഫെറി ബോട്ട് സർവീസ്

 ഇരുചക്രവാഹനങ്ങൾ കയറ്റാൻ കഴിയുന്ന ബോട്ട്

 തൃക്കരുവ, വന്മള, പ്രാക്കുളം, മണലിക്കട, അഷ്ടമുടി ഭാഗങ്ങളിലുള്ളവർക്ക് പ്രയോജനകരം

 നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളിലേക്ക് 18 കിലോമീറ്റർ ലാഭം

 രാവിലെ അഞ്ചിന് ആരംഭിച്ച് രാത്രി 9.50ന് അവസാനിക്കുന്ന ട്രിപ്പുകൾ

 കാവനാടേക്ക് ദിവസേന 14 ട്രിപ്പുകൾ

വലയുന്നു യാത്രികർ

സാമ്പ്രാണിക്കോടി, കുരീപ്പുഴ പള്ളി, കാവനാട്, വള്ളക്കടവ്, പതിനെട്ടാംപടി, മാമൂട്ടിൽക്കടവ്, കുരീപ്പുഴ പാണാമുക്കം, വഞ്ചിപ്പുഴ, പ്ലാവറ എന്നിവിടങ്ങളിലേക്കാണ് സാമ്പ്രാണിക്കോടി ഫെറി സർവ്വീസ്. ഇവി​ടങ്ങളി​ൽ ഉള്ളവർക്ക് കൊല്ലം നഗരത്തിലും തിരിച്ചും എത്താൻ സർവീസ് ഏറെ പ്രയോജനകരമായിരുന്നു.