കൊണ്ടോട്ടി മണ്ഡലത്തിലെ മൂന്നിടങ്ങൾ ലഹരി ഹോട്ട്സ്‌പോട്ടുകൾ ;ജാഗ്രതയോടെ എക്‌സൈസ് വകുപ്പ്
കൊണ്ടോട്ടി: മലപ്പുറത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ലഹരിയുടെ കറുത്ത നിഴൽ വീഴാതിരിക്കാൻ എക്‌സൈസ് വകുപ്പ് നിരീക്ഷണം ശക്തമാക്കുന്നു. മിനി ഊട്ടി, വാഴയൂരിലെ ഹൊറൈസൺ ഹിൽസ്, കൊണ്ടോട്ടി നഗരം എന്നിവയെ ലഹരി ഉപഭോഗം കൂടുതലുള്ള 'ഹോട്ട് സ്‌പോട്ടുകളായി' എക്‌സൈസ് ഇന്റലിജൻസ് വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ലഹരിയുടെ വിപണനവും ഉപയോഗവും വർദ്ധിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നാണ് ഈ നീക്കം.
മിനി ഊട്ടിയിലെയും ഹൊറൈസൺ ഹിൽസിലെയും ഏകാന്തമായ ഇടങ്ങൾ ലഹരിമാഫിയ താവളമാക്കുന്നതായാണ് കണ്ടെത്തൽ. കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരവും ഇവരുടെ നിരീക്ഷണ വലയത്തിലാണ്. ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരം ഈ മേഖലകൾ എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്.
പരിശോധന കർശനം
കഴിഞ്ഞ ദിവസം മലപ്പുറം റേഞ്ച് ഇൻസ്‌പെക്ടർ എ.പി. ദീപേഷ്, മഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ ഒ. അബ്ദുൾ നാസർ എന്നിവരുടെ നേതൃത്വത്തിൽ ഈ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി. റെയ്ഞ്ച് പാർട്ടിയും ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് റെയ്ഡിൽ പങ്കെടുത്തത്. സമാധാനപരമായ അന്തരീക്ഷം തകർക്കുന്ന ലഹരി സംഘങ്ങളെ പിടികൂടാൻ വരുംദിവസങ്ങളിലും പരിശോധന തുടരും.