തന്ത്രിക്ക് പിന്തുണയുമായി ബ്രാഹ്മണതന്ത്രിമാർ
കൊച്ചി: ശബരിമലയിലെ രണ്ട് മുതിർന്ന തന്ത്രിമാരെയും മാറ്റിനിറുത്താനുള്ള ഗൂഢാലോചന നടക്കുന്നതായി ബ്രാഹ്മണ തന്ത്രിമാരുടെ വിവിധ സംഘടനാ നേതാക്കൾ ആരോപിച്ചു. എറണാകുളത്തെ വിവാദകേസുമായി ബന്ധമുണ്ടായപ്പോൾ തന്ത്രി കണ്ഠരര് മോഹനരെ 2006 മുതൽ മാറ്റിനിറുത്തിയിരിക്കുകയാണ്. ഇക്കാര്യത്തിൽ ദേവസ്വംബോർഡിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും നടപടിയില്ല. ഇപ്പോൾ കണ്ഠരര് രാജീവരെയും കേസിൽപ്പെടുത്തി. വാജിവാഹനത്തിന്റെ പേരിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ കേസിൽ കുടുക്കിയതിൽ ദുരൂഹതയുണ്ട്. വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ്. അത് തൊണ്ടിമുതലായി കണക്കാക്കുന്നത് ശരിയല്ല. തന്ത്രി തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ നടപടി എടുക്കുന്നതിൽ എതിർപ്പില്ലെന്നുംഅവർ പറഞ്ഞു.
യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് പി.എൻ.ഡി. നമ്പൂതിരി, അഖിലകേരള തന്ത്രിമണ്ഡലം ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ പോറ്റി, തന്ത്രിസമാജം മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഈശാനൻ നമ്പൂതിരി, തന്ത്രവിദ്യാപീഠം വൈസ് പ്രിൻസിപ്പൽ എസ്.പി. ശ്രീനിവാസൻ പോറ്റി, യോഗക്ഷേമസഭ ജില്ലാ ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ പുന്നശേരി, പരമേശ്വരൻ ഭട്ടതിരിപ്പാട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.