വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ ഫ്ളാഗ് ഒാഫ് ഇന്ന്
ന്യൂഡൽഹി: ഇന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ളീപ്പർ ട്രെയിനും ഏഴ് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഫ്ലാഗ് ഓഫ് ചെയ്യും. അസാമിൽ നാളെ രണ്ട് അമൃത് ഭാരത് ട്രെയിനുകൾ ഫ്ളാഗ് ഒാഫ് ചെയ്യും. ബംഗാളിലും അസാമിലും നിരവധി അടിസ്ഥാന വികസന പദ്ധതികളും അദ്ദേഹം പ്രഖ്യാപിക്കും.
ഉച്ചയ്ക്ക് 12:45-ഓടെ മാൾഡയിൽ എത്തുന്ന നവീകരിച്ച മാൾഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ, ഹൗറ-ഗുവാഹത്തി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ന്യൂ ജൽപായ്ഗുഡി-നാഗർകോവിൽ, ന്യൂ ജൽപായ്ഗുഡി-തിരുച്ചിറപ്പള്ളി, അലിപുർദ്വാർ-ബംഗ്ളൂർ, അലിപുർദ്വാർ-മുംബയ്(പൻവേൽ), കൊൽക്കത്ത(ഹൗറ)-ആനന്ദ് വിഹാർ ടെർമിനൽ, കൊൽക്കത്ത (സീയാദ)-ബനാറസ്, കൊൽക്കത്ത (സന്ത്രാഗച്ചി)-താംബരം അമൃത്‌ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ വെർച്വൽ ആയാണ് ഫ്ളാഗ് ഒാഫ് ചെയ്യുക. നാളെ അസാമിലെ നാഗോൺ ജില്ലയിലെ കലിയാബോറിൽ ഗുവാഹത്തി (കാമാഖ്യ)-റോത്തക്, ദിബ്രുഗഡ്-ലഖ്നൗ (ഗോമതി നഗർ) അമൃത് ഭാരത് എക്‌സ്‌പ്രസുകൾ ഫ്ളാഗ് ഒാഫ് ചെയ്യും.