14 വർഷം തടവിൽ നിന്ന് കൊലക്കേസ് പ്രതിക്ക് മോചനം

Saturday 17 January 2026 1:44 AM IST

 ജ‌ഡ്ജി പ്രോസിക്യൂട്ടറുടെ ചുമതല ഏറ്റെടുക്കേണ്ടെന്ന് വിമർശനം

കൊച്ചി: കൊലക്കേസിൽ 14വർഷമായി തടവിൽ കഴിയുന്ന പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവും പിഴയും റദ്ദാക്കി. വിചാരണവേളയിൽ പ്രതിക്ക് ന്യായമായ നിയമസഹായം ലഭിച്ചില്ലെന്ന് ജസ്റ്റിസ് വി.രാജവിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. പാമ്പാടി വെള്ളൂർ സ്വദേശി സി.ജി.ബാബുവിനെയാണ് വെറുതെവിട്ടത്. 2011 സെപ്തംബർ 18ന് ഓണാഘോഷത്തിനിടെ കോട്ടയം കുന്നേൽപ്പീടികയിൽ വിജീഷ് കുത്തേറ്റുമരിച്ച കേസിലെ പ്രതിയാണ്. പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തിൽ ജഡ്ജിക്ക് ആ ചുമതല ഏറ്റെടുക്കാനാവില്ലെന്നും ഡിവിഷൻബെഞ്ച് വിലയിരുത്തി. പ്രോസിക്യൂട്ടറുടെ അഭാവത്തിൽ വിചാരണക്കോടതി ജഡ്ജി വിസ്താരം നടത്തിയിരുന്നു.

തെളിവുകൾ ശരിയായി വിലയിരുത്തിയില്ലെന്നും കഴിവുള്ള അഭിഭാഷകന്റെ സഹായം ലഭിച്ചില്ലെന്നുമുള്ള പ്രതിയുടെ വാദം കോടതി ശരിവച്ചു. പ്രതി 14വർഷം തടവുശിക്ഷ അനുഭവിച്ചതിനാൽ പുനർവിചാരണ നടത്തുന്നത് ന്യായമല്ല. ഭരണഘടന ഉറപ്പുനൽകുന്ന ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ലംഘനമാണ് നടന്നത്. സൗജന്യനിയമസഹായം പ്രതിയുടെ അവകാശമാണെന്നിരിക്കെ നടപടിക്രമങ്ങൾ പാലിക്കാതെ നടത്തിയ വിചാരണ നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.