പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം; കോൺഗ്രസ് നേതാവ് കാവല്ലൂർ മധു അന്തരിച്ചു
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എ.ഐ.സി.സി അംഗവും തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റുമായ കാവല്ലൂർ മധു (63) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ഇന്നലെ രാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാറിന് വേണ്ടി കാവല്ലൂർ 110-ാം നമ്പർ ബൂത്തിൽ പ്രചാരണം നടത്തുന്നതിനിടെയാണ് മധുവിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. രാവിലെ 9 നാണ് ഭവനസന്ദർശനം ആരംഭിച്ചത്. കുറേ വീടുകൾ കയറിയിറങ്ങിയപ്പോൾ ശ്വാസംമുട്ട് അനുഭവപ്പെടുന്നതായി സഹപ്രവർത്തകരോട് പറഞ്ഞു. ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞെങ്കിലും വീട്ടിൽ പോയാൽ മതിയെന്നു പറഞ്ഞ് സ്വയം സ്‌കൂട്ടർ ഓടിച്ചുപോയി. വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അന്ത്യം.
മൃതദേഹം വട്ടിയൂർക്കാവ് കാവല്ലൂരിലെ 'പ്രിയദർശിനി'വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ 9 ന് ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിനു ശേഷം 10 ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കും. സംസ്‌കാരച്ചടങ്ങുകൾ തീരുന്നതുവരെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ യു.ഡി.എഫിന്റെ പ്രചാരണ പരിപാടികൾ നിറുത്തിവച്ചു.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കിളിമാനൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹന്നാൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ, എം.എൽ.എമാരായ വി.എസ്.ശിവകുമാർ, കെ.എസ്.ശബരീനാഥൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, പുന്നല ശ്രീകുമാർ, പത്മജ വേണുഗോപാൽ, പന്തളം സുധാകരൻ, മൺവിള രാധാകൃഷ്ണൻ, പാലോട് രവി, വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥികളായ കെ.മോഹൻകുമാർ, വി.കെ പ്രശാന്ത്, എസ്.സുരേഷ് തുടങ്ങിയവർ ആശുപത്രിയിലും വീട്ടിലുമെത്തി അന്തിമോപചാരമർപ്പിച്ചു.
1971ൽ വട്ടിയൂർക്കാവ് ഗവ.ഹൈസ്‌കൂളിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായിട്ടായിരുന്നു പൊതുജീവിതം ആരംഭിച്ചത്. കാവല്ലൂർ പട്ടികജാതി വെൽഫെയർ സഹകരണ സംഘം, വട്ടിയൂർക്കാവിലെ സ്വാതന്ത്ര്യസമര സമ്മേളന സ്മാരകസമിതി, പ്രിയദർശിനി സാംസ്‌കാരിക സമിതി എന്നിവയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ:എസ്.ടി. ഗീതാകുമാരി (റിട്ട.മൃഗസംരക്ഷണ വകുപ്പ്), മക്കൾ: അരുൺ മധു, അനീഷ് മധു. മരുമകൾ: മീരാദേവ്.