പെൻഷനിലെ സർക്കാർ വിഹിതത്തിൽ ആശങ്ക
തിരുവനന്തപുരം: കേന്ദ്ര മാതൃകയിൽ ഉറപ്പുള്ള പെൻഷൻ നൽകാൻ സന്നദ്ധമാണെങ്കിലും അതിലെ വിഹിതം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിൽ സർക്കാർ മടിച്ചു നിൽക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. കേന്ദ്രസർവീസിൽ ജീവനക്കാരുടെ വിഹിതം 10% ആണ് .സർക്കാർ വിഹിതം 18.5% . പങ്കാളിത്ത പെൻഷനിലും ജീവനക്കാരുടെ വിഹിതം 10 % തന്നെയാണ്.
അഷ്വേർഡ് പെൻഷനിൽ കുറഞ്ഞ പെൻഷൻ ഉറപ്പാക്കണമെങ്കിൽ സംസ്ഥാനം 18% വിഹിതമെങ്കിലും നൽകേണ്ടിവരും.അതിന് സർക്കാരിന് താൽപര്യമില്ല. പ്രതിവർഷം 2500കോടിയോളം രൂപയുടെ അധികബാധ്യതവരുത്തുമെന്നതാണ് കാരണം. പകരം ജീവനക്കാരുടെ വിഹിതവും സർക്കാർ വിഹിതവും ചേർത്ത് എൻ.പി.എസിൽ കേന്ദ്രസർക്കാർ ചെയ്യുന്നത് പോലെ ഫണ്ട് ഉണ്ടാക്കാനും കുറഞ്ഞ പെൻഷൻ നൽകേണ്ടിവരുമ്പോൾ കുറവുള്ള തുക സർക്കാർ നൽകാനും വ്യവസ്ഥ കൊണ്ടുവരാനാണ് ആലോചിക്കുന്നത്.സർക്കാരിന് തൽക്കാലം ഉപയോഗിക്കാൻ നല്ലൊരു ഫണ്ട് കിട്ടുമെന്ന നേട്ടവുമുണ്ട്. ഈ തുക ട്രഷറിയിൽ നിക്ഷേപിക്കാതെ സ്റ്റേറ്റ് ഇൻഷ്വറൻസ് ഫണ്ടുപോലുള്ളവയുമായി ലിങ്ക് ചെയ്യാനുമാകും.എൻ.പി.എസിൽ സർക്കാർ വിഹിതവും ജീവനക്കാരുടെ വിഹിതവും കേന്ദ്രഫണ്ടിൽ നിക്ഷേപിക്കേണ്ടിവരുമായിരുന്നു. ആവശ്യമുള്ളപ്പോൾ അതിൽ നിന്ന് സംസ്ഥാനത്തിന് വായ്പയെടുക്കാമെന്നതുമാത്രമാണ് ആശ്വാസം.അതിന് പലിശയും നൽകേണ്ടിവരും.