ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത ഒരാളെക്കൂടി തിരിച്ചറിഞ്ഞു

Saturday 17 January 2026 1:50 AM IST

കണ്ണൂർ: ഒരു കോടിയുടെ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്ത സംഘത്തിലെ ഒരു പ്രതിയെക്കുറിച്ച് കൂടി പൊലീസിന് സൂചന ലഭിച്ചു. ഫാരീസ് എന്നയാളെ കുറിച്ചാണ് വിവരം ലഭിച്ചത്. ഇയാളെ പിടികൂടിയാൽ മറ്റ് മൂന്നു പ്രതികളെ കൂടി വലയിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പേരാവൂർ പൊലീസ്. വ്യാഴാഴ്ച പിടിയിലായ മുഴക്കുന്ന് ചാക്കാടിലെ ചെമ്പോത്ത് ഷുഹൈബിന്റെ (30) അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി.

ബുധനാഴ്ച രാത്രി ഒമ്പത് മണിക്കാണ് കേരള 'സ്ത്രീശക്തി' ലോട്ടറി ടിക്കറ്റ് അഞ്ചംഗ സംഘം തോക്ക് ചൂണ്ടി തട്ടിയെടുത്തത്. പേരാവൂരിലെ എം.എം.ലൈറ്റ് ആൻഡ് സൗണ്ട് ഉടമ എ.കെ.സാദിഖിന് ഒന്നാം സമ്മാനം ലഭിച്ച ലോട്ടറിയുടെ എസ്.എൽ 804592 നമ്പർ ടിക്കറ്റാണ് കവർന്നത്. മറ്റ് പ്രതികളെ കുറിച്ച് സാദിഖിനും വ്യക്തമായ വിവരമില്ലെന്ന് കേസ് അന്വേഷിക്കുന്ന പേരാവൂ‌‌ർ സി.ഐ വിനീഷ് കുമാ‌‌ർ പറഞ്ഞു. ഡിസംബർ 30ന് നറുക്കെടുപ്പ് നടന്ന ലോട്ടറിക്ക് സർക്കാർ നൽകുന്നതിലുമധികം തുക നൽകാമെന്ന് വിശ്വസിപ്പിച്ച് സാദിഖുമായി ബന്ധം സ്ഥാപിച്ചാണ് തട്ടിയെടുത്തത്.