നടി കേസ്: ദിലീപിനെ കണ്ട് ജഡ്ജി എഴുന്നേറ്റ് നിന്നെന്ന പരാമർശത്തിൽ ചാൾസ് ജോർജിനെതിരെ കേസെടുത്തു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരസ്യപ്രതികരണം നടത്തിയ മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ഇടക്കൊച്ചി സ്വദേശി ചാൾസ് ജോർജിനെ പ്രതിയാക്കി എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. സമൂഹത്തിൽ കലാപം സൃഷ്ടിക്കുന്ന തരത്തിൽ പരസ്യപ്രസ്താവനകൾ നടത്തിയതിന് ബി.എൻ.എസ് നിയമത്തിലെ 192 വകുപ്പാണ് ചുമത്തിയത്.
നടി കേസിൽ വിധിപറഞ്ഞ ഡിസംബർ എട്ടിന് ദിലീപ് കോടതിമുറിയിലേക്ക് വന്നപ്പോൾ വിചാരണക്കോടതി ജഡ്ജി എഴുന്നേറ്റുനിന്ന് തൊഴുതുവെന്ന ചാൾസ് ജോർജിന്റെ ആരോപണം സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. വിധിപ്രസ്തവത്തിനുശേഷം കോടതിക്ക് സമീപത്തെ ഗവ. പ്രസ് റോഡിൽ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്ന തരത്തിലും സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തണമെന്ന കുറ്റകരമായ ഉദ്ദേശത്തോടും പ്രതി പെരുമാറിയതായി ഇന്നലെ രാത്രി വൈകി രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു.
കോടതിക്കെതിരെയുള്ള പരാമർശങ്ങളുടെ പേരിൽ പാലക്കാട് ചിറ്റൂർ സ്വദേശിയായ അഭിഭാഷകൻ പി.ജെ. പൗൾസൻ എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സ്വകാര്യ അന്യായത്തിൽ ചാൾസിനെതിരെ കേസെടുക്കാൻ കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടിരുന്നു.