കല്ലമ്പലത്ത് കോളേജ് വിദ്യാർത്ഥികളുമായി വന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
തിരുവനന്തപുരം: ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്. കല്ലമ്പലം നാവായിക്കുളത്താണ് അപകടം. വിദ്യാർത്ഥികളും അദ്ധ്യാപകരുമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിൽ 47പേരാണ് ഉണ്ടായിരുന്നത്.
ഇന്ന് പുലർച്ചെ 3.30നാണ് അപകടമുണ്ടായത്. തൃശൂർ കൊടകര സൗഹൃദ കോളേജിൽ നിന്നും വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്കായി എത്തിയ എംബിഎ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ ബൈപ്പാസിന്റെ പണി നടക്കുന്നതിനാൽ സർവീസ് റോഡ് വഴി വന്ന ബസിന്റെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞ് ബസ് ചരിയുകയായിരുന്നു. വിദ്യാർത്ഥി ക്രിസ്റ്റോ പോൾ, അസിസ്റ്റന്റ് പ്രൊഫസർ നോയൽ വിൽസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബസ് ഡ്രൈവർക്ക് നിസാരമായ പരിക്കുകൾ മാത്രമാണുള്ളതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.