പമ്പാ ആശുപത്രിയിൽ ചികിത്സാപ്പിഴവ്; തീർത്ഥാടകയുടെ കാലിലെ മുറിവിൽ സർജിക്കൽ ബ്ലെയ്‌ഡ് വച്ച് കെട്ടിയെന്ന് പരാതി

Saturday 17 January 2026 8:33 AM IST

പത്തനംതിട്ട: പമ്പയിലെ ആശുപത്രിയിൽ തീർത്ഥാടകർക്ക് ലഭിക്കുന്ന ചികിത്സയിൽ ഗുരുതര പിഴവെന്ന് പരാതി. കാലിലെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലെയ്‌ഡ് വച്ച് കെട്ടിയെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് തീർത്ഥാടകയായ നെടുമ്പാശേരി സ്വദേശി പ്രീത. ഡിഎംഒയ്‌ക്കാണ് പ്രീത പരാതി നൽകിയിരിക്കുന്നത്. ചികിത്സ തേടിയതിന്റെ ഒപി ടിക്കറ്റും ബ്ലെയ്‌ഡ് വച്ച് കെട്ടിയിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

പന്തളത്ത് നിന്നും തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പം കാൽനടയായി പോവുകയായിരുന്നു പ്രീത. പമ്പയിലെത്തിയപ്പോഴേക്കും കാലിൽ കുമിള പോലെ വന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് ചികിത്സിക്കാനാണ് പമ്പ ആശുപത്രിയിലെത്തിയത്. മുറിവ് ആശുപത്രിയിൽ നിന്ന് കെട്ടിവച്ചശേഷമാണ് പ്രീത സന്നിധാനത്തെത്തി ദർശനം നടത്തിയത്. പിന്നീട് തിരിച്ചിറങ്ങിയപ്പോൾ വീണ്ടും മുറിവ് ഡ്രസ് ചെയ്യാനായി ഇതേ ആശുപത്രിയിലെത്തി.

രാത്രിയായതിനാൽ തന്നെ ആശുപത്രിയിൽ എല്ലാവരും ഉറക്കമായിരുന്നു. ഡോക്‌ടറുടെ നിർദേശപ്രകാരം ഒരാളെത്തി മുറിവ് കെട്ടാൻ തുടങ്ങി. സംശയം തോന്നി ചോദിച്ചപ്പോൾ താൻ നഴ്‌‌സിംഗ് അസിസ്റ്റന്റ് ആണ് നഴ്‌സ് സ്ഥലത്തില്ല എന്നായിരുന്നു മറുപടി. ശരിയല്ലാത്ത രീതിയിലാണ് മുറിവ് കെട്ടുന്നതെന്ന് പ്രീതയ്‌ക്ക് തോന്നി. വീട്ടിലെത്തി അസ്വസ്ഥത തോന്നി കെട്ടഴിച്ച് നോക്കിയപ്പോഴാണ് കാലിൽ സർജിക്കൽ ബ്ലെയ്‌ഡ് വച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് പത്തനംതിട്ട ഡിഎംഒയെ ഫോണിൽ വിളിച്ച് പരാതി നൽകുകയായിരുന്നു. ഒപി ടിക്കറ്റും മറ്റ് ചികിത്സാരേഖകളും ഡിഎംഒയ്‌ക്ക് കൈമാറി. കാലിൽ ബ്ലെയ്‌ഡ് ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രീത അയച്ച് കൊടുത്തിരുന്നു.