തിരുവനന്തപുരം-ബംഗളൂരു വന്ദേഭാരത് സ്ലീപ്പർ കോട്ടയം വഴി? രാത്രിയാത്ര ഇനി ഹൈസ്പീഡിൽ
തിരുവനന്തപുരം: കേരളത്തിലെ ട്രെയിൻ യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരുവനന്തപുരം-ബംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ പുതിയ വിവരങ്ങൾ പുറത്തുവന്നു. ട്രെയിൻ കോട്ടയം വഴി സർവീസ് നടത്താനാണ് നിലവിൽ റെയിൽവേ ബോർഡിന് സമർപ്പിച്ചിരിക്കുന്ന നിർദ്ദേശത്തിലുള്ളത്. തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് ആരംഭിച്ച് കോട്ടയം വഴി ബംഗളൂരു എസ്എംവിടി ബയപ്പനഹള്ളിൽ എത്തും. രാത്രി 7.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 12 മണിക്കൂർ കഴിയുമ്പോഴാണ് ബംഗളൂരുവിലെത്തുക. ഏകദേശം 842 കിലോമീറ്ററാണ് ദൂരം.
യാത്രാ സൗകര്യങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് നിരക്കിലും മാറ്റമുണ്ടാകും. തേഡ് എസി 2,300, സെക്കൻഡ് എസി 3,000, ഫസ്റ്റ് എസി 3,600 എന്നിങ്ങനെയാണ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഗോഹട്ടി-ഹൗറ റൂട്ടിൽ ഓടുന്ന വന്ദേഭാരത് സ്ലീപ്പറിൽ തേഡ് എസിക്ക് 400 കിലോമീറ്റർ വരെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 960 രൂപയാണ്. ഇതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 2.40 രൂപ വീതമാണ് ഈടാക്കുന്നത്.
വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ടിക്കറ്റുകളുടെ നിരക്ക് നിലവിലുള്ള രാജധാനി എക്സ്പ്രസ് പോലുള്ള പ്രീമിയം ട്രെയിനുകളേക്കാൾ അല്പം കൂടുതലാണ്. കൂടാതെ മറ്റ് പല ട്രെയിനുകളിലും 400 കിലോമീറ്റർ ദൂരത്തിന് ഈടാക്കുന്നതിന് തുല്യമായിരിക്കും ഇതിന്റെ കുറഞ്ഞനിരക്ക്. ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇതിന്റെ സമയക്രമം.
രാത്രി യാത്ര ചെയ്ത് രാവിലെ ലക്ഷ്യസ്ഥാനത്ത് എത്താം എന്നതും യാത്രാസമയം 12 മണിക്കൂറിൽ താഴെയാണെന്നതും പ്രധാന ആകർഷണമാണ്. മറ്റ് വന്ദേഭാരത് ട്രെയിനുകളെ അപേക്ഷിച്ച് സ്ലീപ്പർ കോച്ചുകൾ വരുന്നതോടെ ദീർഘദൂര യാത്ര കൂടുതൽ സുഖകരമാകും. റെയിൽവേ ബോർഡിന്റെ അന്തിമ അംഗീകാരം ലഭിച്ചാലുടൻ സർവീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കും.