പരിമതികൾ മറന്നെത്തിയവരെ കാണാൻ ഓടിയെത്തി മന്ത്രി

Saturday 17 January 2026 10:51 AM IST

കൊച്ചി: കലോത്സവം കാണണമെന്ന് കുട്ടികൾ പറഞ്ഞപ്പോൾ ഞങ്ങൾക്ക് ആശങ്കയായിരുന്നു. പക്ഷേ മന്ത്രിയുൾപ്പെടെയുള്ളവർ ഞങ്ങളെ ചേർത്തു പിടിച്ചു. സമഗ്ര ശിക്ഷാ കേരളം പദ്ധതിയിലെ ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ചുമതലയുള്ള കെ.ബി. ബ്രിജി ഇത് പറയുമ്പോൾ ചുറ്റും നിന്ന ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളുടെയും അവരുടെ മാതാപിക്കളുടെയും മുഖത്ത് നിറചിരി.

സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ (നിപ്മർ)ലെ സെറിബ്രൽ പാൾസി, ഓട്ടിസം, ഐ.ഡി.ഡി കുട്ടികൾക്കായുള്ള മൂന്ന് സ്‌പെഷ്യൽ സ്‌കൂളുകളിൽ നിന്നുള്ളവരാണ് കലോത്സവ വേദിയിലെ മലപുലയാട്ട മത്സരം കാണാനെത്തിയത്.

ഇവരെത്തിയതറിഞ്ഞ വിദ്യാഭ്യാസ മന്ത്രിക്കും ഏറെ സന്തോഷം. മലപുലയാട്ട വേദിയിൽ നേരത്തെ വന്നുപോയ മന്ത്രി ഒന്നാം വേദിയിൽ നിന്ന് ഇവരെ കാണാനായി വീണ്ടും ഓടിയെത്തുകയായിരുന്നു. കുട്ടികളെ ചേർത്തു പിടിച്ചു. അവരോടൊപ്പം സമയം ചെലവിട്ടു. വീണ്ടും കാണാമെന്ന് പറഞ്ഞ് മടങ്ങിയ മന്ത്രി കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്യൂവിൽ നിൽക്കാതെ ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ചെയ്തു നൽകി. നിപ്മറിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.അബ്ബാസ് അലിയും ഒപ്പമുണ്ടായിരുന്നു.