സിംഗിളെടുക്കാൻ ശ്രമിച്ചിട്ടും സ്ട്രൈക്ക് മാറാതെ സ്മിത്ത്; ബിഗ് ബാഷിൽ നാടകീയ രംഗങ്ങൾ, കട്ടക്കലിപ്പിൽ പാക് താരം!

Saturday 17 January 2026 11:01 AM IST

സിഡ്നി: ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടറിനെതിരായ മത്സരത്തിനിടെ പാക് താരം ബാബർ അസമും സ്റ്റീവ് സ്മിത്തും തമ്മിലുണ്ടായ തർക്കമാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. സിംഗിൾ എടുത്ത് സ്‌ട്രൈക്ക് മാറാത്തതിനെ തുടർന്ന് ബാബർ സ്മിത്തിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സിഡ്നി തണ്ടേഴ്സ് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു സിഡ്നി സികസേഴ്സ്. 11–ാം ഓവറിലെ അവസാന പന്തിൽ പന്ത് ലോംഗ് ഓണിലേക്ക് തട്ടിയിട്ട് ബാബർ അസം റണ്ണിനായി ഓടി. എന്നാൽ സ്മിത്ത് സ്‌ട്രൈക്ക് കൈമാറാൻ വിസമ്മതിച്ചു. പിച്ചിന്റെ പകുതിയോളം എത്തിയ ബാബർ അതൃപ്തിയോടെ മടങ്ങി. സ്‌ട്രൈക്ക് വിട്ടുനൽകാത്ത സ്മിത്തിന്റെ നടപടിയിൽ ബാബർ ഗ്രൗണ്ടിൽ വച്ച് തന്നെ രോഷം പ്രകടിപ്പിച്ചു.

ബാബറിനെ നോൺ സ്‌ട്രൈക്കിൽനിറുത്തിയ സ്മിത്ത് തൊട്ടടുത്ത ഓവറിൽ തന്നെ തിളങ്ങി. നാല് സിക്സറുകളും ഒരു ഫോറും ഉൾപ്പെടെ 32 റൺസാണ് ഒരു ഓവറിൽ താരം അടിച്ചെടുത്തത്. ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തിലെ ഒരു ഓവറിൽ നേടുന്ന ഏറ്റവും ഉയർന്ന സകോറാണിത്. സ്മിത്ത് റെക്കാർഡ് കുറിച്ചപ്പോൾ ബാബറിന്റെ വിധി മറ്റൊന്നായിരുന്നു. അടുത്ത ഓവറിൽ സ്‌ട്രൈക്ക് ലഭിച്ച ആദ്യ പന്തിൽ തന്നെ ബാബർ പുറത്തായി. അപമാനഭാരവും ദേഷ്യവും അടക്കാനാവാതെ ബൗണ്ടറി ലൈനിൽ ബാറ്റുകൊണ്ട് ആഞ്ഞടിച്ചാണ് പാക് താരം ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സംഭവത്തിന് പിന്നാലെ സ്മിത്ത് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. പരമാവധി റൺസ് കണ്ടെത്തുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് സ്മിത്ത് പറഞ്ഞു. സിഡ്നിയിലെ ഗ്രൗണ്ടിൽ ഒരു വശത്തെ ബൗണ്ടറിയുടെ ദൂരം കുറവായിരുന്നു. ആ വശത്തേക്ക് ലക്ഷ്യം വച്ച് ബാറ്റ് ചെയ്യാനാണ് താൻ സ്‌ട്രൈക്ക് കൈമാറാതിരുന്നതെന്ന് സ്മിത്ത് പറഞ്ഞു. വെറും 42 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച സ്മിത്തിന്റെ പ്രകടന മികവിൽ 16 പന്തുകൾ ബാക്കി നിൽക്കെയാണ് സി‌ഡ്നി സിക്സേഴ്സ് വിജയം കണ്ടത്. എന്നാൽ മുഹമ്മദ് റിസ്‌വാനെ തിരിച്ചുവിളിച്ച സംഭവത്തിന് തൊട്ടുപിന്നാലെ ബാബറിനുണ്ടായ അനുഭവം പാക് ക്രിക്കറ്റ് ആരാധകർക്കിടയിലും വലിയ കല്ലുകടിയായിട്ടുണ്ട്.