ഗോത്രകലയും അഭിനയകലയും ഭദ്രമാക്കി വൈഗ
തൃശൂർ: ഗോത്രകലയുടെ തനത് പാരമ്പര്യവും അഭിനയ കലയുടെ മികവും സ്വായത്തമാക്കി പിണങ്ങോട് ഡബ്യു.ഒ.എച്ച്.എസ്.എസ് വിദ്യാർത്ഥിനി വൈഗ എസ്.ദിനേശ്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നാടൻപാട്ടിലും മോണോ ആക്ടിലും ഒരേസമയം മികവ് തെളിയിക്കുകയായിരുന്നു ഈ മിടുക്കി. വയനാട്ടിലെ കുറിച്യ ഗോത്രവർഗത്തിന്റെ തനത് കലയായ പൂജാഗദ്ദിക പാടിയാണ് നാടൻപാട്ട് വിഭാഗത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയത്. വൈഗ അവതരിപ്പിച്ച പൂജാഗദ്ദിക, വയനാട്ടിലെ കുറിച്യരുടെ ആത്മീയതയുടെയും പ്രകൃതിബന്ധത്തിന്റെയും നേർസാക്ഷ്യമായി.
മോണോ ആക്ടിൽ കഴിഞ്ഞ നാലുവർഷമായി വയനാട് നിന്ന് സംസ്ഥാനതല ജേതാവായ വൈഗ, സംസ്ഥാന തലത്തിലും ആ വിജയം ആവർത്തിച്ചു. ജയമോഹന്റെ പ്രശസ്ത നോവലായ 'മാടൻ മോക്ഷ'ത്തിലെ മാടൻ എന്ന സങ്കീർണ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഇത്തവണത്തെ വിജയം. സാമൂഹിക അരികുവത്കരണത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സങ്കീർണ ചോദ്യങ്ങൾ ഉന്നയിക്കുന്ന ഈ കഥാപാത്രത്തെ ആഴത്തിൽ മനസിലാക്കിയാണ് അവതരിപ്പിച്ചത്.
നാലാം ക്ലാസ് മുതൽ മോണോ ആക്ടിൽ ഒന്നാം സമ്മാനം നേടിവരുന്ന വൈഗയുടെ യാത്ര, സ്ഥിരോത്സാഹത്തിന്റേയും കഠിനാദ്ധ്വാനത്തിന്റെയും കഥയാണ്. ഓരോ വർഷവും പുതിയ കഥാപാത്രങ്ങളെ കണ്ടെത്തി, അവയെ വിശ്വാസ്യതയോടെ അവതരിപ്പിക്കുന്നു. ടെലിഫിലിമുകളിലും സംഗീത ആൽബങ്ങളിലും അഭിനയിച്ച പരിചയമുണ്ട്. ചിത്രരചനയിലും തന്റേതായ കഴിവ് തെളിയിച്ചിട്ടുണ്ട്. മേപ്പാടി ജി.എച്ച്.എസ്.എസ് അദ്ധ്യാപകനായ ദിനേഷിന്റേയും എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപിക സ്മിതയുടേയും മകളായ വൈഗയ്ക്ക്, കലാരംഗത്തെ നേട്ടങ്ങൾക്ക് പിന്നിൽ കുടുംബത്തിന്റെ പ്രോത്സാഹനവുമുണ്ട്.