ലക്ഷങ്ങളുടെ കടം, ജപ്‌തി ഭീഷണി; പാലക്കാട്ട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്‌തു

Saturday 17 January 2026 11:27 AM IST

പാലക്കാട്: സാമ്പത്തിക ബാദ്ധ്യതയെത്തുടർന്ന് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്‌തു. അഗളി പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് ആയിരുന്ന പുലിയറ വണ്ടർകുന്നേൽ ഗോപാലകൃഷ്‌ണൻ (60) ആണ് ആത്മഹത്യ ചെയ്‌തത്.

സഹകരണബാങ്കിൽ എട്ട് ലക്ഷം രൂപയുടെ കടബാദ്ധ്യത ഉണ്ടായിരുന്ന ഗോപാലക‌ൃഷ്‌ണന്റെ ഭൂമിക്ക് ജപ്‌തി ഭീഷണിയും ഉണ്ടായിരുന്നു. തണ്ടപ്പേർ ലഭിക്കാത്തത് കാരണം വസ്‌തു വിൽക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അതിനിടെ ഗോപാലകൃഷ്‌ണൻ രോഗബാധിതനുമായി. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്‌തത്.

വാടകവീട്ടിൽ വച്ച് കൃഷിയിടത്തിൽ ഉപയോഗിച്ചിരുന്ന കീടനാശിനി കഴിച്ചായിരുന്നു ആത്മഹത്യ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിപിഎം നേതാവായിരുന്ന ഗോപാലകൃഷ്‌ണൻ 2004 -05 കാലഘട്ടത്തിലാണ് അഗളി വൈസ് പ്രസിഡന്റായി പ്രവർത്തിച്ചത്. 2005 - 10 കാലഘട്ടത്തിൽ പഞ്ചായത്തംഗമായും പ്രവർത്തിച്ചു.