സ്‌കൂട്ടറിന് മുകളിലേക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു

Monday 14 October 2019 1:56 AM IST

ഭർത്താവും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു

തലയോലപ്പറമ്പ് : മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് മുകളിലേയ്ക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് യുവതി മരിച്ചു. കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോൽ ഉള്ളാടംകുന്നേൽ പ്രശാന്തിന്റെ ഭാര്യ രശ്മി (35) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന പ്രശാന്തിനും, ഇളയ മകൾ അഭിമന്യക്കും പൊള്ളലേറ്റു. ഇരുവരേയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലയോലപ്പറമ്പിൽ നിന്ന് അഭിമന്യയ്ക്ക് ചെരുപ്പ് വാങ്ങിയശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി, ഇന്നലെ വൈകിട്ട് 4.30 ഓടെ കീഴൂർ-ആപ്പാഞ്ചിറ റോഡിൽ കളരിക്കൽതാഴെ ട്രാൻസ്‌ഫോർമറിന് സമീപമായിരുന്നു അപകടം. പൊട്ടിവീണ വൈദ്യുതി കമ്പി മൂവരുടെയും ദേഹത്ത് ചുറ്റിയതോടെ നിയന്ത്രണംവിട്ട സ്‌കൂട്ടർ സമീപത്തെ പാടത്തെ വാഴത്തോട്ടത്തിലേക്ക് മറിഞ്ഞു. പ്രശാന്തും അഭിമന്യയും പച്ചക്കറി കൃഷിക്കായി ഒരുക്കിയിരുന്ന മൺകൂനയിലേക്കും , രശ്മി വെള്ളക്കെട്ടിലേക്കുമാണ് തെറിച്ച് വീണത്. രശ്മിയുടെ കൈയിൽ ചുറ്റി കിടക്കുന്ന നിലയിലായിരുന്നു വൈദ്യുതി കമ്പി. കരച്ചിൽകേട്ട് ഇതുവഴിയെത്തിയ ഓട്ടോറിക്ഷാഡ്രൈവറായ കാരിക്കോട് ഒറക്കനാംകുഴിയിൽ രതീഷും, പ്രദേശവാസിയായ രോഹിണിയിൽ വിനോദും ഇവരെ രക്ഷിക്കാൻ പാടത്തേക്കിറങ്ങിയെങ്കിലും ഷോക്കേറ്റു. തുടർന്ന് ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഊരി മാറ്റിയാണ് മൂവരേയും ഇവർ കരയ്ക്ക് കയറ്റിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രശ്മിയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മൂത്ത മകൾ: അഭിരാമി.